Friday 2 December 2016

പ്ളീസ് "നോട്ട് "ദിസ്

ശമ്പളം വന്നില്ലേ മോനെ ? അച്ഛന്റെ ചോദ്യം കേട്ടപ്പോ പറയണമെന്നു തോന്നി "പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയപോലെ ബാങ്കിൽ വന്നു കിടപ്പുണ്ട് പക്ഷെ ആറു ദിവസം കൊണ്ടേ വീട്ടിലേക്കുള്ളത് ഗഡുക്കളായി എടുക്കാൻ പറ്റുന്നു. പിന്നെ ഓർത്തു "രാഷ്ട്രത്തിന്റെ ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടിയല്ലേ"  കുഴപ്പമില്ല അച്ഛൻ കുറച്ചു കാക്കട്ടെ....അല്ല ശേഷം എന്തുണ്ട് കൈയിൽ സ്വയം ചിന്തിച്ചു ഒരു നൂറിന്റെ നോട്ടും ഒരു ഇരുപത്തിന്റെ നോട്ടും..ശമ്പളം വന്നുന്നു അറിഞ്ഞപോ തന്നെ വെച്ച് പിടിച്ചു ATM ലേക്ക് പക്ഷെ ക്യൂ കണ്ടപ്പോ രാത്രി ചെല്ലാന്ന് വെച്ചു, രാത്രിയായപ്പോ ഊരുതെണ്ടിയെപ്പോലെ കുറെ അലഞ്ഞു ഒരു 2500 നായി പക്ഷെ കേരളമല്ലേ ഞാൻ ചിന്തിച്ചപോലെ ഒരു 1000 പേരും ചിന്തിച്ചു കാണും..ATM  കൾ കാലി അപ്പോഴൊക്കെ കാറ്റിലൂടെ ഒരു ശബ്ദം ഒഴുകിയെത്തി "മേരെ പ്യാരി ദേശവാസിയോം " നന്നേ ദേഷ്യം വന്നെങ്കിലും  പിന്നെ ഓർത്തു രാഷ്ട്രത്തിന്റെ ഉയർച്ച...സഹിക്കാം...!!

ഡിസംബർ ആയി തണുപ്പ് തുടങ്ങി അമ്മക്കാണെങ്കിൽ ചെറിയ ശ്വാസം മുട്ടുമുണ്ട് ഹോസ്പിറ്റലിൽ പോണം പക്ഷെ കാശ് അത് അക്കൗണ്ടിൽ സുരക്ഷിതമായി ഉണ്ട്..ഇനി കാർഡ് കൊണ്ടുപോയി സ്വൈപ്പാം എന്ന് വിചാരിച്ച സ്ഥിരം പോണ ഹോസ്പിറ്റൽ അതില്ലാന്നു. ബാങ്കിൽ പോയി ചെക്ക് കൊടുത്തു മാറിക്കൂടെ എപ്പോഴും ചെക്ക് വെക്കുന്ന കൂട്ടുകാരൻ ചോദിച്ചപ്പോഴാണ് ആ ബുദ്ധി വന്നത് നേരെ ഓടി അലമാര തുറന്നു എല്ലാം വലിച്ചു പുറത്തിട്ടു നോക്കി ചെക്ക് ബുക്ക് ഒഴിച്ച് ബാക്കി എല്ലാ ബുക്കും അവിടെ ഉണ്ട്..അപ്പൊ തന്നെ ബാങ്കിൽ വിളിച്ചു ചെക്ക് ബുക്ക് വേണം "തീർച്ചയായും തരാം സർ  7  വർക്കിംഗ് ഡേയ്‌സിനുള്ളിൽ " ഓർത്തപ്പോ ദേഷ്യം കൊണ്ട് മുഖം ചുവന്നു..കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ കാശ് എടുക്കാൻ പറ്റില്ലാന്ന് "കൊല്ലണ്ടേ " അപ്പോഴും ഹാളിലെ റേഡിയോയിൽ നിന്നും അതെ ശബ്ദം ഉയർന്നു കേട്ടു "" "മേരെ പ്യാരി ദേശവാസിയോം"..മണ്ണാങ്കട്ട..മേരെ*#@$..എന്നൊക്കെ മനസ്സിൽ വന്നതാ പിന്നെ ഓർത്തു ഇല്ല രാഷ്ട്രത്തിനു വേണ്ടി സഹിക്കണം...സഹിച്ചേ തീരു..!!

തിരക്കുള്ള സമയത്തു തീയേറ്ററിൽ പോലും ബ്ലാക്കിൽ ടിക്കറ്റ് എടുത്തു പരിചയമുള്ള ഞാൻ അങ്ങനെ സമാധാനത്തോടെ ക്യൂ നിന്ന് ഒരുകണക്കിന് 2500 എടുത്തു...മാസാവസാനം കടം തന്ന ഓഫീസ് സുഹൃത്തുക്കൾക്ക് അത് തിരിച്ചു കൊടുത്തു കഴിഞ്ഞപ്പോ 2000 ന്റെ പുതിയ നോട്ട് മാത്രമായി കയ്യിൽ...എന്നാലും അതുമായി പലചരക്കുകടക്കാരൻ തങ്കച്ചന്റെ അടുത്ത് ചെന്നപ്പോ സ്നേഹത്തോടെ എന്നാൽ മനസ്സിൽ നന്നായി വരും എന്ന രീതിയിൽ ഒറ്റ ഡയലോഗ് "  ഇതുകൊണ്ടു ഞാൻ എന്നാ കാട്ടാനാ മോനെ അതിനുള്ള കച്ചവടം ഇവിടെ ഇല്ല മോനെ" ,വീട്ടിൽ വരുന്ന മീന്കാരന് ചേട്ടനും റേഷൻ കട കാരനും ആ 2000  നെ നോക്കി പുഛിച്ചപ്പോ പകച്ചു പോയി എന്റെ ബാല്യവും കൗമാരവും എല്ലാം...അവസാനം അത് താടി  വെച്ച ഗൃഹനാഥന്റെ കൈയിലേക്ക് കൊടുക്കുമ്പോ കൈ വിറച്ചിരുന്നു..ആ നോട്ടിൽ നോക്കിയിട്ടു പുള്ളി ചോദിച്ചു ഇത് ചില്ലറയായിട് കിട്ടോ മോനെ...പലസ്ഥലത് കൊടുക്കാനുള്ളതല്ലേ ???
നിസ്സഹായതയോടെ പേഴ്സിലെ ആ ഇരുപത് രൂപയെ നോക്കുമ്പോൾ വീട്ടിലെ ടീവിയിൽ നിന്നും വീണ്ടും ഉയർന്നു കേട്ടു ആ ശംബ്ദം " "മേരെ പ്യാരി ദേശവാസിയോം "...അപ്പൊ അടുക്കളയിൽ നിന്നും ഓടിവന്ന 'അമ്മ ടെറസിലേക്കു ഓടുന്ന കണ്ടു "കാറ്റും മഴക്കുമുള്ള സാധ്യത ഉണ്ടെന്നും പറഞ്ഞു".. പ്രകൃതി വരെ മനസിലാക്കിയ ആ ശബ്ദം വീണ്ടും കേട്ടപ്പോ കണ്ണുകളിൽ ഇരുട്ടു കയറി പക്ഷെ അപ്പോഴും മനസിൽ ഓർത്തു "രാഷ്ട്രത്തിന്റെ ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടിയല്ലേ" സഹിക്കാം സഹിച്ചേക്കാം അല്ല സഹിച്ചു കൊണ്ടെയിരിക്കാം...!!!