Thursday 27 December 2018

ലൈഫ് ഈസ് ബ്യൂട്ടിഫുൾ



മനു കട്ടിലിൽ  കിടന്നു ആ വീഡിയോ പിന്നെയും പിന്നെയും കണ്ടു, ഇമവെട്ടാതെ നോക്കി നിന്നു, കാരണം അതിലവൻ ഉണ്ട്

'' രാജകീയ പ്രൗഢിയോടെ കുന്നു കേറി വരുന്ന റോയൽ എൻഫീൽഡ്.. അവന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്..ആ വീഡിയോ പോസ് ചെയ്തിട്ട് പേഴ്സ് ഇൽ നിന്നു ഭാര്യക്കൊപ്പം വെട്ടി  വെച്ചിരുന്ന ബുള്ളറ്റിന്റെ പടം എടുത്ത് പതിയെ അതിൽ തലോടി '' ജീവൻ പോകുന്നതിനു മുൻപ് ഇതുപോലൊന്ന് വാങ്ങണം ഈ ജംഗ്ഷനിലൂടെ തല ഉയർത്തിവെച്ചു ഓടിക്കണം ''എന്നാണാവോ ?? എന്ന് ചിന്തിക്കുമ്പോ കേട്ടു മനുവേട്ടാ എന്ന വിളി...!!

അഞ്ചു ആണ്...!!
അത് ഗൗനിക്കാതെ ആ പടത്തിൽ തലോടുമ്പോ വീണ്ടും കേട്ടു മനുവേട്ടാ എന്തെടുക്കുവാ ?? ഇങ്ങോട് ഒന്ന് വരോ...ഇതൊന്നു എടുത്തുതരോ..??

ഓ കുന്തം, കെട്ടണ്ടായിരുന്നു ,അവൻ ദേഷ്യത്തോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു അഞ്ജുവിന്റെ അടുത്തേക്ക് നടന്നു..ആ പോക്കിനിടയിൽ അവൻ പേഴ്സിൽ സൂക്ഷിച്ച ബുള്ളറ്റിന്റെ പടം കട്ടിലിൽ വീണിരുന്നു...!!

ന്താ നീ വിളിച്ചേ ..?? അനിഷ്ടത്തോടെ അവൻ ചോദിച്ചു...മനുവേട്ടാ ദേ ഈ തയ്യൽ മെഷീൻകൾ ഒന്ന് പുറത്തേക്കു വെക്കാൻ സഹായിക്കോ..!!

ഓ നിന്റെ ഒരു ജാംബവാന്റെ കാലത്തെ മെഷീനുകൾ...അത് ചവിട്ടാൻ വരുന്ന കുറെ പിള്ളേരും...ഈ കുന്ത്രാണ്ടം ഇപ്പോ ന്തിനാ പുറത്തേക്കു എഴുന്നുള്ളിക്കണേ..? അവൻ ദേഷ്യത്തോടെ ചോദിച്ചു..!!

അത് കുറച്ചു റിപ്പയര് ചെയ്യാനുണ്ട്..മഹേഷ് രാവിലെ വണ്ടി ആയിട്ട് വരും...!!

നാശം..ആ പിടിക്കു.. !!

അവൻ മനസില്ലാ മനസ്സോടെ ആ തയ്യൽ മെഷീനുകൾ ഓരോന്നായി സിറ്റൗട്ടിലേക്ക് വെച്ചു...!!

പിന്നേയ് നാളെ ഒന്ന് എന്റെ കൂടെ വരോ...!!

ഇത് കൊടുക്കാൻ അല്ലെ ആ മഹേഷ് വരുന്നുണ്ടല്ലോ പിന്നെന്താ...!!

അതല്ല മനുവേട്ടാ നാളെ നമുക്കൊന്നു അമ്പലത്തിൽ...!!

ഞാൻ എങ്ങും ഇല്ല നീ പോയാമതി, എന്റെ ഒരാഗ്രഹം സാധിച്ചുതരട്ടെ എന്നിട്ട് മതി ചെന്ന് കാണൽ ഒക്കെ..!!

അയ്യോ നാളെ മനുവേട്ടന്റെ പിറന്നാൾ അല്ലെ..കുറച്ചു വഴിപാട് ഉണ്ട്...പ്ളീസ് ന്റെ കൂടെ ഒന്ന് വരോ..!!

സീ അഞ്ചു ഞാൻ പറഞ്ഞു കഴിഞ്ഞു നീ പോയിട്ട് വാ..എനിക്കിപ്പോ അതിലൊന്നും താല്പര്യമില്ല..ഓക്കേ..ഓരോ പ്രാരാബ്ധങ്ങൾ എടുത്തു തലയിൽ വെച്ച് തന്നിട്ട് ഇനി പോയി നന്ദി പറയെ വേണ്ടു...നീ പോയാമതി...അതും പറഞ്ഞു മനു തിരിഞ്ഞു നടന്നു...!!

അഞ്ജുവിന്റെ കണ്ണ് നിറഞ്ഞു...അല്ലെങ്കിലും തന്റെ കൂടെ എങ്ങും വരാൻ മനുവേട്ടൻ ഒരുക്കമല്ലല്ലോ...കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണ ചെക്കൻ അവസാന നിമിഷം വാക്ക് മാറിയപ്പോ ആവേശത്തിൽ  എടുത്ത ഒരു തീരുമാനം അതാണ് തന്നെ ഇവിടെ എത്തിച്ചേ..പാവം മനുവേട്ടനെയും കുറ്റം പറയാൻ പറ്റില്ല, സ്വർണവും കാറും ഒക്കെ വാരിക്കോരി കിട്ടേണ്ടയിരുന്ന ആളാ..ഇതിപ്പോ തന്നെ കിട്ടിയതുകൊണ്ട് മാത്രം വീട്ടുകാരും ബന്ധുക്കളും ഒന്നുമില്ലാതെ ഇവിടെ...പാവം മനുവേട്ടൻ ഇതൊക്കെ കേട്ടാലും തനിക്കു ഇഷ്ടമാണ്,തന്നെക്കാൾ ഏറെ..ആരെക്കാളും ഏറെ..!!

ജോലി എല്ലാം ഒതുക്കി റൂമിൽ എത്തുമ്പോഴേക്കും മനു ഉറങ്ങിയിരുന്നു..പുതപ്പു എടുത്ത് അവനെ മൂടിച്ചു കിടക്കാൻ നേരം അവളത് കണ്ടു...മനുവിന്റെ പേഴ്സിൽ വെച്ചിരുന്ന ബുള്ളറ്റിന്റെ പടം...തന്നെ ഉപേക്ഷിച്ചിരുന്നേൽ ഈ ബുള്ളെറ്റ് മനുവേട്ടന്റെ വീട്ടുകാർ തന്നെ വാങ്ങി കൊടുത്തേനെ..പക്ഷെ അതൊക്കെ വേണ്ടാന്ന് വെച്ചിട്ടു തനിക്കൊരു ജീവിതം തന്നു...നാളെ പിറന്നാൾ ദിവസത്തിൽ എങ്കിലും എങ്കിലും എന്റെ മനുവേട്ടനെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയണേ ന്റെ കൃഷ്ണാ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ ആ ബുള്ളറ്റിന്റെ പടം നെഞ്ചോടു ചേര്ത്തു കിടന്നു....!!!

ഫോൺ നീണ്ട റിങ് ചെയുന്നത് കേട്ടിട്ടാണ് മനു കണ്ണ് തുറന്നത്...അഞ്ജുവാണ്...ഹലോ..പറ .!!

ഹാപ്പി ബർത്ത് ഡേ മനുകുട്ടാ...അവളുടെ സന്തോഷത്തോടെയുള്ള പറച്ചിൽ ആ ഫോണിന്റെ ലൗഡ്‌സ്പീക്കറിൽ അലയടിച്ചു..!!

ഓഹ് താങ്ക്സ്...അവൻ സാധാരണപോലെ പ്രതികരിച്ചു...!!

മനുവേട്ടാ ഞാൻ ഇപ്പൊ എത്തും..ഇതൊന്നു പിടിച്ചിറക്കാൻ പുറത്തേക്കു വരണേ പ്ളീസ്...!!

നീ രാവിലെ തുടങ്ങിയോ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ...പണ്ടാരം വന്നിട്ട് വിളി..അയാൾ ഫോൺ കട്ട് ചെയ്തു..

അപ്പൊ മൊബൈലിൽ ഒരു മെസ്സേജ് അമ്മയാണ് " ഹാപ്പി ബര്ത്ഡേ മോനെ ,നിന്നെ ഒന്നുകാണണം എന്നുണ്ട് പക്ഷെ എങ്ങനെയാ അച്ഛനറിഞ്ഞാൽ...മോൻ അക്കൗണ്ട് നമ്പർ അയക്കുവോ 'അമ്മ കുറച്ചു കാശ് അയക്കാം മോൻ ഒരു ബുള്ളറ്റ് വാങ്ങണം..അതല്ലേ ന്റെ മോന്റെ ആഗ്രഹം...!!

അതുവായിച്ചതും അവന്റെ കണ്ണ് നിറഞ്ഞു...സ്വന്തം വീട്ടിൽ പാറിപ്പറന്നു നടന്ന നിമിഷങ്ങളൊക്കെ മനസിലേക്ക് ഓടിയെത്തി...അപ്പോഴേക്കും ഒരു വിളിയുമെത്തി അഞ്ജുവിന്റെ മനുവേട്ടാ ഒന്ന് വരോ ഇതൊന്നു ഇറക്കിവെക്കാൻ...!!

മനു അവന്റെ കണ്ണ് തുടച്ചുകൊണ്ട്, എടുത്ത തീരുമാനത്തെ ശപിച്ചുകൊണ്ട് വാതിൽ തുറന്നു മുറ്റത്തേക്ക് നോക്കി..പുറത്തു ഒരു പെട്ടി വണ്ടി..മഹേഷിന്റെ ആണ്, അവനതിന്റെ അടുത്തേക്ക് നടന്നപ്പോ ആ വണ്ടി മുന്നോട്ടു എടുത്തു അതിന്റെ പുറകിൽ ''രാജകീയ പ്രൗഢിയോടെ ഒരു പുതു പുത്തൻ ബുള്ളറ്റ് റോയൽ എൻഫീൽഡ് ''

അതിൽ ചാരി അഞ്ചു...!!

ഹാപ്പി ബർത്ത് ഡേ മനുവേട്ടാ...ഇത് എന്റെ ഒരു സമ്മാനമാ..അല്ല എന്റെ ഒരു സ്വപനം ആയിരുന്നു..ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ ന്തിനാ മനുവേട്ടന്റെ പെണ്ണ് എന്ന് പറഞ്ഞു നടക്കുന്നെ..!!

അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..വിശ്വസിക്കാനാകാതെ അവൻ ആ ബുള്ളെറ്റിലേക്കു നോക്കി..!!

എന്നിട്ടും വിശ്വാസം വരാതെ അവൾക്കു നേരെ നോക്കി

സത്യാ മനുവേട്ടാ ഇത് മനുവേട്ടന്റെയാ ഞാൻ തയ്ച്ചുണ്ടാക്കിയ ചെറിയ സമ്പാദ്യം ഇണ്ടായിരുന്നു അത് കൊടുത്താ ബുക്ക് ചെയ്തേ..പിന്നെ...പിന്നെ എന്റെ സ്റ്റുഡന്റിന്റെ അച്ഛൻ ഒരു ബാങ്ക് മാനേജർ ആണ് ,പുള്ളി വഴി ഒരു ലോൺ അപ്ലൈ ചെയ്തിരുന്നു അതും ദൈവം സഹായിച്ചു ഇന്ന് തന്നെ കിട്ടി...!!

അവൻ അവളുടെ കണ്ണുകളിലേക്കു സങ്കടത്തോടെ നോക്കി..!!

അപ്പോഴേക്കും മഹേഷ് മനുവിന്റെ അടുക്കൽ എത്തി, '' അളിയാ നിന്റെ ഇഷ്ട കളർ തന്നെ കിട്ടി..എല്ലാം അഞ്ചുന്റെ മിടുക്കാണുട്ടോ..ബുക്ക് ചെയ്തത് ഇന്ന് തന്നെ കിട്ടില്ലായിരുന്നു പക്ഷെ ഷോ റൂം തുറക്കുന്നസമയം വരെ അവിടെ നിന്ന്മാനേജരെ കേറി കണ്ടു കാലുപിടിച്ചു പറഞ്ഞു സമ്മതിപ്പിച്ചു ഇന്ന് കിട്ടേണ്ടിയിരുന്ന ആളെ വിളിച്ചു കരഞ്ഞു പറഞ്ഞതുകൊണ്ടാ ഇത് ഇന്നുതന്നെ കിട്ടിയേ...പിന്നെ ഇതിൽ ആദ്യം നീ തന്നെ ഇരിക്കണം എന്ന് അഞ്ജു   വാശിപിടിച്ചപ്പോഴാ ഞാൻ ന്റെ ഈ പെട്ടിയിൽ ഇവനെ കയറ്റി കൊണ്ടുവന്നത്

എന്തായാലും അപ്പൊ ഹാപ്പി ബർത്ത് ഡേ അളിയാ..അതും പറഞ്ഞു മഹേഷ് മനുവിനെ കെട്ടിപിടിച്ചു എന്നിട്ടു പതിയെ ചെവിയിൽ പറഞ്ഞു "" നിന്റെ ജീവിതത്തിലേ ശെരിക്കുള്ള രാജകീയ പ്രൗഢി നിന്റെ അഞ്ജുവാണ് അളിയാ..നീ അത് കാണാതെ പോകരുത്..എന്നും പറഞ്ഞു അവൻ ആ പെട്ടി വണ്ടി ഓടിച്ചു പോയി...!!

മനു പതിയെ നടന്നു ആ ബുള്ളറ്റിന്റെ ഹെഡ്‍ലൈറ്റിൽ തൊട്ടു...എന്നിട്ട് അവളെ നോക്കി..അവൾ അതിന്റെ താക്കോൽ അവനു നേരെ നീട്ടി...!!

അവനതു വാങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി...അതുകണ്ട അഞ്ചു ഞെട്ടി..തന്നെ ഒന്ന് വിളിക്യാ പോലും ചെയ്തില്ലലോ എന്നോർത്തപ്പോ സങ്കടായി..പിന്നെ അതൊന്നും തനിക്കു വിധിച്ചിട്ടില്ല എന്ന് മനസ്സിലോർത്തു വീട്ടിലേക്കു നടന്നു...!!

അപ്പൊ പുറകീന്നു നീട്ടിയൊരു ഹോൺ അടി..മനുവേട്ടൻ ആ ബുള്ളറ്റിൽ രാജകീയ പ്രൗഢിയോടെ വരുന്നത് കണ്ടപ്പോ അവൾക്കു സന്തോഷായി...അവൻ ബൈക്ക് അവളുടെ അടുത്ത് കൊണ്ടുചെന്നു നിർത്തിയിട്ടു പറഞ്ഞു "" അമ്മു ഒരാൾക്ക് കൂടി സ്ഥലമുണ്ട് വാ നമുക് ഗുരുവായൂർ വരെ ഒന്ന് പോയിട്ട് വരാം..!!

പോകുന്നതിലേറെ അമ്മു എന്ന വിളി ആണ് അവളെ സന്തോഷഭരിതയാക്കിയത്.. കല്യാണം കഴിഞ്ഞ നാളുകളിൽ കേട്ടിരുന്ന ആ വിളി കേട്ട് അവൾ ആ സന്തോഷത്തോടെ ബൈക്കിൽ കയറി ഇരുന്നു...!!

പിടിച്ചിരിക്കു അമ്മു വീഴണ്ട...!!

അവന്റെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞ അവൾ അന്നാദ്യമായി അവനെ ചേർത്തുപിടിച്ചു ആ തോളിൽ ചാരിയിരുന്നു...

ആ സ്വപ്ന സഞ്ചാരത്തിനിടയിൽ മനു ബൈക്കിന്റെ കണ്ണാടിയിൽ നോക്കി അവളോട് പറഞ്ഞു '' അമ്മു ബുള്ളെറ്റ് എന്റെ കാശുകൊണ്ട് മേടിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം പക്ഷെ അമ്മു ന്നെ തോപ്പിച്ചുകളഞ്ഞു..പിന്നെ ഇതിപ്പോ ന്റെ വീട്ടുകാർ വാങ്ങിത്തന്നതിനേക്കാൾ ഞാൻ ഹാപ്പിയാണ് അമ്മു...ഇത്രക്കും എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു അമ്മു..ഇനി ന്റെ ജീവൻ ഉള്ളിടത്തോളം ഞാൻ അമ്മുനെ കഷ്ടപെടുത്തില്ല..ദേഷ്യപ്പെടില്ല..അവസാനമായി വൈകി വന്ന വിവേകത്തിനു മാപ്പ്..എന്നോട് ക്ഷമിക്കു...!!

അത് പറഞ്ഞപ്പോ അവൾ ആ ചുണ്ടത്തു കൈവെച്ചു...എന്നിട്ട് പറഞ്ഞു മാപ്പൊന്നും പറയല്ലേ മനുവേട്ടാ എനിക്കൊരു ജീവിതം തന്ന ആളാ...ഈ സീറ്റിൽ എന്നും എന്നെ ഇങ്ങനെ ഇരിക്കാൻ അനുവദിച്ചാമതി...!!

അതിനുത്തരമായി അവൻ ആ ബുള്ളറ്റിന്റെ ഹോൺ നീട്ടിയടിച്ചു...!!

ആ ശബ്ദത്തിൽ അവനോടു ഒന്നുകൂടെ ചേർന്നിരുന്നിട്ടു അഞ്ചു ചിന്തിച്ചു "" ജാംബവാന്റെ കാലത്തെ ആ തയ്യൽ മെഷീൻകൾ തന്റെ അന്നം ആയിരുന്നു എങ്കിലും തനിക്കു അതിനേക്കാൾ വലുതാണ് എന്റെ മനുവേട്ടന്റെ സ്നേഹവും സന്തോഷവും...!!!


Thursday 20 December 2018

അതിജീവനത്തിന്റെ സൗഹൃദ പാത


കാലമിനിയുമരുളും വിഷുവരും വര്ഷം വരും തിരുവോണം വരും പിന്നെയൊരു തളിരിനും പൂ വരും കായ് വരും അപ്പോൾ ആരെന്തും എന്തെന്നും ആർക്കറിയാം...!!
വൈശാഖിന്റെ ആ കവിത ചൊല്ലി കഴിഞ്ഞതും ചുറ്റും നിറഞ്ഞ കരഘോഷമായിരുന്നു...!!
ഡാ പിന്നെ വിഷു വന്നാലും തിരുവോണം വന്നാലും പെരുന്നാൾ വന്നാലും നമ്മൾ നമ്മളെത്തന്നെ ആയിരിക്കണം വഴിവിട്ടു പോയി കളഞ്ഞാക്കല്ലേ ആരും....കൂട്ടത്തിൽ ലീഡർ ആയ ഹരി പറഞ്ഞു...!!
അങ്ങനെ പോകാൻ പറ്റോ എന്റെ അരികുട്ടാ, ഈ കോളേജിലേക്ക് വന്നപ്പോ ഒറ്റക്കായിരുന്നു എങ്കിലും ഇപ്പൊ ഹൃദയത്തിനു ചുറ്റും നല്ല ആൾതാമസം ഉണ്ട് നന്ദിനി ഒരു ചിരിയോടെ ഹരിയൊക്കെ നോക്കി
ആൾതാമസം ഒക്കെയുണ്ട് പക്ഷെ അവസാനം നിന്റെ അച്ഛൻ കോൺട്രാക്ടർ സുരേന്ദ്രൻ ഈ ആളുകളെയൊക്കെ ഒഴിപ്പിച്ചു അവസാനം എന്തെങ്കിലും അമേരിക്കകാരന് ഈ ഹൃദയോം ചുറ്റുമുള്ള സ്ഥലോം എഴുതികൊടുക്കാതിരുന്നാമതി കൂട്ടത്തിലെ ഹാസ്യസാമ്രാട് വിജിലേഷ് നന്ദിനിയെ നോക്കി നോക്കി പറഞ്ഞു...!!
നീ പോടാ വാൽമാക്രി നന്ദിനി തിരിച്ചടിച്ചു,
അതേയ് മൂന്നുവർഷം ഇങ്ങനെയൊക്കെ തന്നെ അല്ലെ പറഞ്ഞു നടന്നേ ഇനി ഈ വിടപറയുന്ന നിമിഷത്തിൽ ഇച്ചിരി സ്നേഹമായിട്ടൊക്കെ സംസാരിക്കാം കേട്ടോ നന്ദിനിയോടായി ഹരി പറഞ്ഞു, അത് കേട്ടതും നന്ദിനി ഒരു ചെറു ചിരിയോടെ പറഞ്ഞു ,സ്നേഹം എന്ന് പറഞ്ഞപോഴാ ഓർത്തെ നമ്മുടെ റൊമാൻസ് രാജകുമാരൻ എന്താ ഒന്നും പറയാത്തെ..??
പറഞ്ഞപോലെ ഡാ വിഷ്ണു നീ എന്താ ഒന്നും മിണ്ടാതെ...??
അതുകേട്ടപ്പോഴേക്കും ചേർത്തുപിടിച്ചിരുന്ന കൈവിരലുകൾ പതിയെ അകന്നു...അവൻ പതിയെ എഴുനേറ്റു..താഴേക്ക് നോക്കി..അവിടെ തൊട്ടടുത്ത അവൻ ചേർത്തുപിടിച്ചിരുന്ന കൈകൾ പുറകിലേക്ക് മാറ്റി അവൾ..ചാരുലത...തന്റെ ചാരു...മൂന്നു വർഷത്തെ ഏറ്റവും വലിയ സമ്പാദ്യം...!!
അതേയ് അളിയാ നിന്റെ ബേസ്ഡ് ഫ്രണ്ടിന്റെ അടുത്ത് ഇരിക്കുമ്പോ നിനക്ക് പിന്നെ ആരേം വേണ്ടാന്ന് അറിയാം എന്നാലും ഇന്ന് നമ്മളുടെ ഈ കോളേജിലെ ലാസ്‌റ് ഡേ ആണ് അതുകൊണ്ടു എന്തെങ്കിലുമൊക്കെ പറയെടാ
വിഷ്ണു ഒരു ചെറിയ പുഞ്ചിരിയോടെ ചാരുവിനെ നോക്കി പറഞ്ഞു.. മനസ്സിൽ പല കോണുകൾ ഉണ്ടെന്നും അവിടയൊക്കെ പലരെയും പ്രെതിഷ്ഠിക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഇവിടെ വന്നപ്പോഴാണ്..വര്ണക്കടലാസുകളിൽ മാത്രം കണ്ട കളർ ഞാൻ നേരിട്ട് കണ്ടത് ഈ ക്ലാസ്സിലാണ്..ഇപ്പൊ എനിക്കൊരു ലോകമുണ്ട് ആ ലോകത്തിൽ നിങ്ങൾ എല്ലാവരും ഉണ്ട്...പിന്നെ ഇവിടന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം ചാരു തന്നെയാണ് നിങ്ങള്ക്ക് അത് നന്നായറിയാം..അതുകൊണ്ടു പലരോടും ഒരുപാടൊന്നും അടുക്കാൻ കഴിഞ്ഞിട്ടില്ല എല്ലാവരും ക്ഷമിക്കണം..പിന്നെ ആരേം മറക്കില്ല ഒരിക്കലും ...!!
വിഷ്ണുവിന്റെ വാക്കുകൾ കഴിഞ്ഞപ്പോ ആ ക്ലാസ്റൂമിൽ തികഞ്ഞ നിശബ്ദത...പെട്ടെന്ന് അതൊഴിവാക്കാൻ ഹരി പറഞ്ഞു ചാരു..നീ എന്താ ഒന്നും പറയാത്തെ..??
വിഷ്ണുവിന്റെ കൈയിൽ തന്റെ നഖം കൊണ്ടൊന്നു അമർത്തിയിട്ടു ചാരു എഴുനേറ്റു എന്നിട് പറഞ്ഞു '' ഞാൻ എന്താടാ പറയാ ഹരി, ഈ ദിവസം ഒരിക്കലും തീരല്ലേ എന്നാണു എന്റെ പ്രാർത്ഥന, ഇന്ന് ദാ ഇപ്പൊ നിങ്ങളുടെ എല്ലാവരുടേം നടുക്ക് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട് അത് നാളെ എന്റെ വീട്ടിൽ ഒറ്റക് ഇരിക്കുമ്പോ എനിക്ക് കിട്ടില്ല...ഈ ക്ലാസ്സിലേക്ക് വരുമ്പോ ഒരു സന്തോഷമുണ്ടായിരുന്നു..നമ്മുടെ പല നല്ല നിമിഷങ്ങളും ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്..,നമ്മള് പോയ ട്രിപ്പുകൾ, നമ്മുടെ NSS ക്യാമ്പുകൾ, ക്ലാസ് കട്ട് ചെയ്തു കണ്ട സിനിമകൾ, ഡാ ഹരി നമ്മുടെ വഴക്കു, വാൽമാക്രി വിജിലേഷിന്റെ കുസൃതികൾ, എല്ലാം എല്ലാം എന്റെ മനസിലുണ്ട്..എന്നും ഉണ്ടാകും..പ്ളീസ് കീപ് ഇൻ ടച്ച്...!!
ചാരു അതും പറഞ്ഞു കണ്ണ് നിറഞ്ഞു ഇരുന്നപ്പോൾ വിഷ്ണു അവളുടെ കൈയിൽ മുറുകെ പിടിച്ചു
ഡീ നന്ദിനി നമുക് ആ പാട്ടൊന്നു പാടാം എല്ലാരും ചേർന്ന്....വിജിലേഷ് നന്ദിനിയോട് ചോദിച്ചു
നന്ദിനി നടന്നു വന്നു അവന്റെ അടുത്തിരുന്നു, എന്നിട് അവന്റെ കൈ ചേര്ത്തുപിടിച്ചിട്ടു മൂളി തുടങ്ങി..!!
'' മലർക്കിളി ഇണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല നമ്മൾ ,
ഇനി ഒരിക്കലും പിരിയില്ല നമ്മൾ...!!
ആ പാട്ടിനൊപ്പം തല ചലിപ്പിച്ചുകൊണ്ടു എല്ലാവരും കൂടെ ചേർന്ന് പാടിയപ്പോ വിഷ്ണു പെട്ടെന്ന് എഴുനേറ്റു പുറത്തേക്കു നടന്നു...ചാരുവിനു ഒന്നും മനസിലാകാതെ പുറത്തേക്കു നോക്കി..അപ്പോഴും ചുറ്റും ഉള്ളവർ പാടിക്കൊണ്ടേയിരുന്നു..!!
'' കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്കു ആരുമാരും അറിയാതോരുവാക്കു...''
അത് കേട്ടപ്പോ ചാരുവും എഴുനേറ്റു പുറത്തേക്കു നടന്നു...വിഷ്ണുവിനെ കാണുന്നുണ്ടായില്ല...എന്തോ ആലോചിച്ചു പിന്നെ ധൃതിയിൽ ആ മഹാഗണി മരത്തിന്റെ ചോട്ടിലേക്കു നടന്നു...പ്രതീക്ഷിച്ചപോലെ വിഷ്ണു അവിടെ ഇരിക്കുന്നുണ്ട് ദൂരേക്ക് നോക്കി...അവൾ അവന്റെ അടുത്ത് വന്നിരുന്നു...അവന്റെ കൈയിൽ കൈ ചേർത്തുപിടിച്ചു...!!
അവനപ്പോഴും നോട്ടം മാറ്റിയിട്ടില്ല..അവൾ ആ കൈത്തണ്ടയിൽ ഒന്നൂടെ അമർത്തി..അപ്പോഴും മാറ്റമില്ല...!!
ഡാ..എന്താടാ..???
അവസാനം അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...!!
അവൻ ആ നോട്ടം തല തിരിച്ചു അവളിലേക്ക്‌ നോക്കിയിട്ടു പറഞ്ഞു
ചാരു..ഇന്നുവരെ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു...നാളെ..നാളെ എന്താ,,ഞാൻ ഒറ്റക്കായി പോലെ
വിഷ്ണു എന്താടാ ഇങ്ങനെ..നിനക്കു ഞാൻ ഇല്ലേ..എപ്പോ വേണമെങ്കിലും വിളിക്കാല്ലോ മിണ്ടല്ലോ പിന്നെന്താ??
ഇല്ല ചാരു വിളിയൊക്കെ കുറയും മിണ്ടുന്നതൊക്കെ കുറയും നീ എന്നെ മറക്കും
അതിനു മറുപടി പറഞ്ഞത് അവളുടെ കൈ വിരലുകൾ ആയിരുന്നു അവന്റെ കൈത്തണ്ടയിൽ അമർത്തികൊണ്ട് അപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്ക് വന്നിരുന്നു
ചാരു സോറി ഞാൻ,,പിന്നെ എന്റെ വെഷമം കൊണ്ട്...നീ കരയെല്ലേ
അവൾ കരഞ്ഞുകലങ്ങിയ മുഖത്തോടെ അവനെ നോക്കി എന്നിട്ടു ചോദിച്ചു '' അത്രക്കും ഉള്ളോട ഞാൻ...നിന്നോട് പറയാത്ത എന്ത് കാര്യ എനിക്ക് ഉള്ളത്..എന്റെ വീട്ടുകാരേക്കാൾ മേലെയെല്ലേ നിന്നെ ഞാൻ സ്നേഹിച്ചത് എന്നിട്ടും...!!
അയ്യോ ചാരു സോറി നീ എന്നോട് ക്ഷമിക്കു..ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല...പ്ളീസ്
അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു '' ഉം ഇപ്പോന്താ നിന്റെ പ്രശ്‍നം
ഐ വിൽ മിസ് യൂ ചാരൂ
മിസ് യൂ ടൂ വിഷ്ണു...ബട്ട് എന്താ ചെയ്യക ഇതൊരു വിധിയാണ് ഇതിനെ അതിജീവിച്ചേ പറ്റൂ...!!
എനിക്ക് പറ്റും ചാരു നീ എന്റെ കൂടെ ഉണ്ടെങ്കിൽ...!!
ഞാൻ നിന്റെ കൂടെയുണ്ടല്ലോ പിന്നെന്താ..???
അങ്ങനെയല്ല...!!
പിന്നെ...പിന്നെങ്ങനെ....!!
പെട്ടെന്ന് അവിടേക്കു ഒരു കിഴക്കൻ കാറ്റ് ആഞ്ഞു വീശി ആ മഹാഗണി മരത്തിന്റെ ചില്ലകൾ മെല്ലെയൊന്നു ആടി..ഭൂമിയെ പ്രണയിച്ചു പുൽകാൻ കാത്തിരുന്ന പോലെ ഇലകൾ താഴേക്ക് പതിച്ചു...!!
ആ കാറ്റിൽ അവളുടെ മുടി പാറി പറന്നു അത് നോക്കി വിഷ്ണു പറഞ്ഞു
ചാരു നീ ഇപ്പൊ എന്റെ ശരീരത്തിലെ ഒരവയവം പോലെയാണ് നീ എന്നിൽ നിന്നും പോയാൽ ഞാൻ ഒരു പക്ഷെ....??
വിഷ്ണു നിന്നെ ആദ്യം പരിചയപെട്ടപ്പോ ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ നിന്റെ നിഷ്കളങ്കത ആണ് എനിക്ക് എന്നെക്കാൾ ഇഷ്ടം എന്ന് പക്ഷെ ഇപ്പൊ അതെവിടെയോ നഷ്ടമാകുന്നുണ്ടോ എന്നൊരു തോന്നൽ
ചാരു ഞാൻ എനിക്ക് നിന്നെ....
മതി വിഷ്ണു നിർത്തു...വേറെ ആര് അത് പറഞ്ഞാലും നീ അത് പറയരുത് കാരണം ഈ കോളേജിൽ ആരുടെ മുന്നിലും എനിക്ക് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരേ ഒരു പേരാണ് നീ..എന്റെ വീട്ടുകാർക്ക് എന്നേക്കാൾ വിശ്വാസം നിന്നെയാണ് വിഷ്ണു..ആ നീ
ചാരു എനിക്ക് ഇന്ന് മാത്രമേ അങ്ങനെ..അതും നീ നഷ്ടപെടുമെന്നോർത്തപ്പോ...!!
വിഷ്ണു എനിക്കും നിനക്കും ഇടയിൽ സൗഹൃദത്തിന്റെ സുന്ദരമായ ഒരു മേൽപാലം ഉണ്ട് താഴെ ആർത്തിരമ്പുന്ന പ്രണയത്തിന്റെ കടലും ഉണ്ട്...ഇതുവരെ നമ്മൾ ആ പാലത്തിലൂടെ സഞ്ചരിച്ചു..എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്, ബഹുമാനമാണ്, ആരാധനയാണ്, പക്ഷെ എന്നെങ്കിലും ഒരിക്കൽ ഞാൻ ആ കടലിലേക്ക് വീണാൽ ഈ ബന്ധവും പലർക്കും പറഞ്ഞു നടക്കാൻ തക്ക വിഷയം ആകും..സ്നേഹ കൂടുതലും, ഈഗോയും പൊസ്സസ്സീവെനീസും എന്നെങ്കിലും നമുക്കിടയിൽ പടി കേറി വരും...എന്തിനു ഇപ്പൊ നമ്മൾ അനുഭവിക്കുന്ന ഈ സ്വന്തന്ത്ര്യം പോലും നമ്മുക്ക് ഇല്ലാതാകും...അതിനേക്കാൾ എത്രയോ നല്ലതല്ലേ അതിരുകളില്ലാത്ത നമ്മുടെ ഈ സൗഹൃദം...ഇപ്പൊത്തന്നെ ഏത് പാതിരാത്രിയിലും നിന്റെ ഒപ്പം നടക്കാനും നിന്റെ അടുത് കിടക്കാനും എനിക്ക് പറ്റും ഒരു സംശയം പോലുമില്ലാതെ പക്ഷെ എന്റെ മനസ്സിൽ മറ്റൊരു വികാരം വന്നാൽ എനിക്കതു സാധിക്കില്ല..എനിക്കൊരു പ്രണയം സിമ്പിൾ ആയി അനുഭവിക്കാൻ പറ്റും പക്ഷെ നിന്നെ പോലെ ഒരു സുഹൃത്തിനെ എനിക്കിനി ഒരിക്കലും കിട്ടില്ലെടാ...ഞാൻ എങ്ങനെ അത് നഷ്ടപ്പെടുത്തും..നീ പറ അവൾ അവന്റെ തോളിൽ തല ചായ്ച്ചു കരഞ്ഞു..!!
അവളുടെ തല തട്ടി മാറ്റി വിഷ്ണു ഒരടി മുന്നോട്ടു വെച്ചു എന്നിട്ടു ദൂരേക്ക് നോക്കി പറഞ്ഞു
നീ മീശപുലിമലയിലെ മഞ്ഞു വീഴുന്ന കണ്ടിട്ടുണ്ടോ, ഇടുക്കിയിലെ ഡിസംബറിലെ തണുപ്പിൽ ഇറങ്ങി നടന്നിട്ടുണ്ടോ, ഇലവീഴാ പൂഞ്ചിറയിലെ ടോപ്പിൽ കേറി മേഘങ്ങളോട് സംസാരിച്ചിട്ടുണ്ടോ?? ഇല്ലെങ്കി റെഡി ആയിക്കോ..ഞാൻ എന്റെ ബൈക്ക് ആയിട്ട് വരാം....അങ്ങനെ ഇപ്പൊ എനിക്ക് നിന്നെ മിസ് ചെയ്യണ്ട, നിന്റെ സൗഹൃദം മിസ് ചെയ്യാൻ തത്കാലം എനിക്ക് മനസില്ല...!!
അവൾ അത്ഭുതത്തോടെ അവന്റെ കണ്ണുകളിലേക്കു നോക്കി..അവൻ കണ്ണുകൾ മെല്ലെ അടച്ചു ഒരു പുഞ്ചിരിയോടെ അവളുടെ കൈകളിൽ പിടിച്ചു എന്നിട്ടു പറഞ്ഞു '' ചിലതു നേടിയെടുക്കുന്നതിനേക്കാൾ വേണ്ടാന്ന് വെക്കുന്നതിലാണ് മഹത്വം, അതാകുമ്പോ ഒരു സുഖമുള്ള ഓർമയായി എന്നും ഓർക്കാല്ലോ...!!
അതിനു മറുപടിയായി ചാരു അവന്റെ കൈ ചേർത്തുപിടിച്ചു ആ ക്ലാസ് റൂമിനു നേരെ നടന്നു..അതിനടിയിൽ പതിയെ അവൾ പറഞ്ഞു '' ഒരിക്കൽ ഈ സ്വാതന്ത്ര്യം ഒക്കെ മടുത്തെന്നു തോന്നുമ്പോ ഞാൻ പറയും കേട്ടോ അന്ന് എന്നും മീശപുലിമലയിലൊക്കെ പോകാൻ ഒരാളെ നിനക്ക് കൂട്ടിനു ആവശ്യമുണ്ട് എന്ന് തോന്നുകയാണെങ്കിൽ എന്നേം പരിഗണിക്കണം...പക്ഷെ അന്നും ആദ്യം നീ എന്റെ ലോകത്തിലെ ഏറ്റവും വലിയ ഫ്രണ്ട് ആയിരിക്കണം...!!
അത് കേട്ടപ്പോ വിഷ്ണു ചാരുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...ആ ചിരിക്കപ്പുറം ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ പോലെ ആ ക്ലാസ്റൂമിൽ നിന്നുള്ള അവസാന പാട്ടു ഒഴുകിയെത്തി...!!
മനസിന്‌ മറയില്ല സ്നേഹത്തിന് അതിരില്ല
ഇനി നമ്മൾ പിരിയില്ല '' We are Friends ''

Monday 12 November 2018

വെഡിങ് ആനിവേഴ്സറി

വെഡിങ് ആനിവേഴ്സറി
------------------------------------

സെക്കൻഡുകൾ ഇഴഞ്ഞു നീങ്ങുമ്പോഴും മീരയുടെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു...ആദ്യമായിട്ടാ ഇങ്ങനെ ഒരു ഹോട്ടലിൽ റൂം ഒക്കെ എടുക്കുന്നെ അതും ഒറ്റയ്ക്ക്..ചിന്തിക്കുന്തോറും അവൾക്കു തലകറങ്ങുന്ന പോലെ തോന്നി, പക്ഷെ ആ മുഖം ഓർക്കുന്ന മാത്രയിൽ ആ പേടിയെല്ലാം ദേഷ്യത്തിന് വകമാറി...!!

കാരണം ആ മുഖത്തിനു മീരയുടെ താലി ചരടുമായി ഒരു വലിയ ബന്ധം ഉണ്ടായിരുന്നു...ആ താലി കെട്ടിയത് അയാൾ ആയിരുന്നു... '' ഉണ്ണി ''...!!

എവിടെയാണ് തനിക്കു പിഴച്ചത്, ഇങ്ങനെ ഒരു ജീവിതമാണോ തൻ ആഗ്രഹിച്ചത്... കഴിഞ്ഞ കുറച്ചു വർഷങ്ങൾ ഒരു ബെഡിൽ കിടക്കുന്നു, ചിലവിനു തരുന്നു എന്നതൊഴിച്ചാൽ വേറെന്തു ബന്ധമാണ് ഉണ്ണിയേട്ടനുമായി...പല തവണ ചോദിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഒഴിഞ്ഞുമാറും...അത് തന്റെ അടുത്തുന്നു മാത്രമാണോ എന്നറിയാൻ ആണ് ഫേസ്ബുക്കിൽ ഒരു ഫേക്ക് ഐഡി തുടങ്ങിയത് അപ്പൊ അറിഞ്ഞു ഉണ്ണിയേട്ടന് എന്നോടാണ് താല്പര്യം നഷ്ടപെട്ടത്...തന്റെ ഫേക്ക് ഐഡി യോട് , മാനത്തിനു താഴെയുള്ള എന്തിനെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോ, ഒരിക്കൽ എങ്കിലും അത് എന്നോടായിരുനെങ്കിൽ എന്നോർത്ത് കരഞ്ഞിട്ടുണ്ട്...ഉണ്ണിയേട്ടന്റെ കൊഞ്ചി കൊഴഞ്ഞുള്ള സംസാരം ഒക്കെ കാണുമ്പോ കൊതിച്ചിട്ടുണ്ട് അത് ന്റെ അടുത്തായിരുന്നെങ്കിൽ എന്നോർത്ത്....പക്ഷെ....എല്ലാം തനിക്കു നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു....!!

ഇല്ല ഇനി അതൊക്കെ ഓർത്തിട്ടു കാര്യമില്ല...ഈ താലി കഴുത്തിൽ ഇട്ടുകൊണ്ട് തന്നെ തനിക്കു പ്രതികാരം ചെയ്യണം...അതിനു വേണ്ടിയല്ലേ ഒരുങ്ങി ഇറങ്ങിയത്...പാവം ന്റെ മോൾ നാളെ അവളോട് ഞാൻ എന്ത് പറയും...എങ്ങനെ പറയും...ആലോചനകൾ കൂടുന്നതിനിടയിൽ ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഒരു മെസ്സേജ് '' അയാളാണ് - താഴെ എത്തി എന്ന്...!!

അവൾ വാഷ്ബെയ്സിന്റെ അടുത്തേക്ക് ചെന്ന് മുടി കെട്ടിവെച്ചു മുഖം അമർത്തി കഴുകി...കണ്ണുകളിൽ അപ്പോഴും കണ്ണുനീർ തടം കെട്ടി നിൽക്കുന്നുണ്ട്,, അവൾ ഓർത്തു ഇതുവരെ ഒരു തെറ്റുപോലും ചെയ്യാത്ത തൻ ജീവിതത്തിൽ ആദ്യമായി ഒരു വലിയ തെറ്റ് ചെയ്യാൻ പോകുന്നു... '' അല്ല ഇതാണ് എന്റെ ശെരി..അതെനിക്കു തെളിയിക്കണം..അതുകൊണ്ടുതന്നെയാണ് തന്റെ ഈ വിവാഹവാർഷീകദിനം തന്നെ തിരഞ്ഞെടുത്തത്...ഇതിലും നല്ല ഒരു ദിവസം ഇല്ല...അവൾ ബാഗിൽ നിന്നും ഒരു പൊട്ടെടുത്ത് നെറ്റിയിൽ വെച്ച്...തയ്യാറായി നിന്നു......!!

ആ ഹോട്ടൽറൂമിന്റെ ബെൽ അടിച്ചു...പതിയെ അവൾ ആ ബെഡ് ഇൽ ചെന്ന് തിരിഞ്ഞിരുന്നു...കാണുന്ന നിമിഷത്തിൽ തന്നെ ഉണ്ണിയേട്ടൻ ഞെട്ടണ്ട ഇത്രയും നാൾ ചാറ്റ് ചെയ്തതും, ഇപ്പൊ കാണാൻ വന്നതും സ്വന്തം ഭാര്യയെ ആണെന്നോർത്തു...!!

അയാൾ പതിയെ വാതിൽ തുറന്നു...കൈയിൽ ഒരു ഗിഫ്റ്റും ഉണ്ട്..പതിയെ നടന്നു അവള്കരികിലേക്കു എത്തി...പെട്ടെന്ന് അവൾ ചാടി എഴുനേറ്റു..അയാളുടെ നേരെ കത്തുന്ന കണ്ണുകളോടെ നോക്കി...അയാളുടെ മുഖത്തു ഞെട്ടൽ പ്രകടമായി... '' ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ, എന്നാലും ഉണ്ണിയേട്ടാ നിങ്ങൾ ഇത്രയും ചീപ് ആണെന്ന് ഞാൻ കരുതിയില്ല,''
മീര ഞാൻ എനിക്ക്....അയാൾ എന്തോ പറയാൻ കൈ ഉയർത്തിയപ്പോൾ തന്നെ അവൾ ആ ചൂണ്ടുവിരൽ കൊണ്ട് അത് തടഞ്ഞു...അപ്പോഴാണ് അവൾ ആ സമ്മാനപ്പൊതി കണ്ടത്..ദേഷ്യം കൊണ്ട് അവൾ ആകെ ചുമന്നു ആ സമ്മാനപ്പൊതി തട്ടിത്തെറിപ്പിച്ചിട്ടു അവൾ പറഞ്ഞു '' ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആയിട്ട് എന്നെ ഒന്ന് വിഷ് ചെയ്യാൻ പോലും പറ്റാത്ത നിങ്ങൾ ഏതോ ഒരുവളെ കാണാൻ സമ്മാനവും മേടിച്ചു വന്നിരിക്കുന്നു..എങ്ങനെ മനസ്സ് വന്നു ഉണ്ണിയേട്ടാ നിങ്ങള്ക്ക്...'' മതി ഇനി ഇങ്ങനെ ഒരു ബന്ധം എനിക്ക് വേണ്ട..എന്റെ മുന്നിൽ നിന്നും പോ... അവൾ അലറി..!

അയാൾ പതുകെ മുന്നോട്ടു വരാൻ നോക്കിയപ്പോൾ തന്നെ അവൾ വീണ്ടും ഒച്ച വെച്ചു...'' എനിക്ക് നിങ്ങളെ കാണണ്ട..ഇവിടുന്നു പോ അല്ല്ലെങ്കി ഞാൻ ഒച്ച വെക്കും..പോകാൻ ''

പതിയെ തിരിഞ്ഞു നടക്കുമ്പോ അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നത് മാത്രം അവൾ കണ്ടു പക്ഷെ ആ കുറ്റബോധം ഒന്നും അവളുടെ ദേഷ്യത്തെ ഒട്ടും കുറച്ചില്ല...ആ വാതിലും കടന്നു അയാൾ പുറത്തേക്കു നടന്നപ്പോൾ ഓടിച്ചെന്നു വാതിൽ ലോക്ക് ചെയ്തു അവൾ ആ കിടക്കയിലേക്ക് വീണു തേങ്ങി കരഞ്ഞു....'' ആദ്യമായി ഒളികണ്ണിട്ടു നോക്കിയ ആ നിമിഷം മുതൽ ഓരോന്നും അവളുടെ മുന്നിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു...പെട്ടന്ന് ആണ് മോളെ കുറിച്ച് ഓർത്തത് പാവം ന്റെ കുട്ടി സ്കൂൾ വിട്ടു വരാൻ സമയം ആയിട്ടുണ്ടാവും...പതിയെ എഴുനേറ്റു അവൾ വീണ്ടും മുഖം കഴുകാണാനായി വാഷ്ബിസിനരികിലേക്കു നീങ്ങി..അപ്പോഴാണ് അവൾ അത് കണ്ടത്..അയാൾ പൊതിഞ്ഞു കൊണ്ടുവന്ന ആ സമ്മാന പൊതി പൊട്ടിയിട്ടുണ്ടായിരുന്നു...അതിൽ നിന്നും എന്തോ പുറത്തേക്കു ചാടി കിടക്കുന്നു...പതിയെ അവൾ അതെടുത്തു..എവിടെയോ ഒരാഗ്രഹം അതെന്താണെന്നു അറിയാൻ..സാവധാനം അത് അവൾ പൊട്ടിച്ചു..അതൊരു കരിമണിമാല ആയിരുന്നു അത് കണ്ടപ്പോ , അവളുടെ സങ്കടം ഇരട്ടിയായി...എത്രയോവട്ടം ഇതിനായി ഉണ്ണിയേട്ടനോട് കെഞ്ചിയിട്ടുണ്ട് ഞാൻ...എന്നിട്ടും ഇന്നലെ കണ്ട ഏതോ ഒരുവൾക്കു...അവളുടെ കണ്ണുകളിൽ വീണ്ടും തീയാളി...ആ സമ്മാനപ്പൊതി അവൾ വീണ്ടും വലിച്ചെറിഞ്ഞു...ആ കരിമണിമാല യും ആ സമ്മാനപൊതിയും താഴെ വീണു ചിതറി അതിൽ നിന്നും മടക്കി വെച്ച ഒരു പേപ്പറും താഴെ വീണു... '' പ്രണയലേഖനം ആയിരിക്കും, വരുമ്പോ ഒന്ന് എഴുതികൊണ്ടുവരാൻ പറഞ്ഞിരുന്നത് അവൾ ഓർത്തു...വലിയ പുച്ഛത്തോടെ അവൾ ആ പേപ്പർ എടുത്തു വായിക്കാൻ തുടങ്ങി...!!

ന്റെ തുളസിക്കതിരിനു,

ആദ്യമേ തന്നെ ഹാപ്പി വെഡിങ് ആനിവേഴ്സറി...ഇത്തവണത്തെ വെഡിങ് ആനിവേഴ്സറി ന്തായാലും നീ ഒരിക്കലും മറക്കില്ല എന്ന് എനിക്കറിയാം അത്രക്കും വലിയ ഒരു സർപ്രൈസ് അല്ലെ ഇത്....നീ എന്താ മോളെ നിന്റെ കേട്ടിയോനെ കുറിച്ച് വിചാരിച്ചേ ഫേക്ക് ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താൽ എനിക്ക് മനസിലാവില്ലെന്നോ...നിന്റെ കഴുത്തിൽ കെട്ടിയ താലിക്കു വെറുമൊരു കെട്ട്യോൻ എന്നർത്ഥം മാത്രല്ല ഉള്ളത് നിന്റെ പാതി എന്നൊരു അവകാശവും കൂടി ഉണ്ട്..നീ എന്നോട് ചാറ്റ് ചെയ്തു തുടങ്ങിയപ്പോഴേ എനിക്ക് മനസിലായി മോളെ അത് നീയാണെന്നു......

അത്രയും വായിച്ചപ്പോഴേക്കും അവളുടെ മുഖത്തിൽ സങ്കടത്തിനു മുകളിലേക്ക് സതോഷത്തിന്റെ സൂര്യൻ ഉദിച്ചുയർന്നു...അപ്പോഴും കണ്ണ് നിറഞ്ഞു കണ്ണുനീർ ഒഴുകുകയാണ്,,കണ്ണ് രണ്ടും തുടച്ചിട്ട് ആർത്തിയോടെ അവൾ ബാക്കി കൂടെ വായിച്ചു

'' പക്ഷെ ഒന്ന് ഞാൻ പറയാം ഈ അമ്മു എന്ന ഫേക്ക് ഐഡി ചില നേരങ്ങളിൽ എനിക്കൊരു ആശ്വാസമായിരുന്നു...എനിക്കൊരു സാന്ത്വനം ആയിരുന്നു..എനിക്ക് കൃത്യമായ സമയങ്ങളിൽ ഉപദേശങ്ങൾ തന്നും, സങ്കടപെടുമ്പോ അടുത്തിരുന്നും ഒരു തണലാവാൻ അമ്മുവിന് കഴിഞ്ഞിട്ടുണ്ട്....പണ്ടൊക്കെ നീയും അങ്ങനെ ആയിരുന്നു മീര പിന്നെ പിന്നെ നമ്മുടെ ജീവിതം ഒരു കാല്കുലേറ്റർ ആയിമാറി...കണക്കുപറച്ചിലുകൾക്കപ്പുറം മറ്റൊന്നും നിനക്ക് പറയാൻ ഉണ്ടായിരുന്നില്ല..മോൾടെ പഠനം അവളുടെ കല്യാണം അതൊക്കെ മാത്രമേ നിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു...അതിന് ഇടയിൽ നീ ഒരു ഭാര്യാ ആണെന്ന് നീ മറന്നു...നീ ഒരു ഫ്രണ്ട് ആണെന്ന് മറന്നു..ഇടയ്ക്കു എനിക്കൊരു അമ്മയായിരുന്നു എന്ന് വരെ മറന്നു...എന്റെ ജോലിയിലെ ടെൻഷൻ എല്ലാം പറയാൻ ഒരുങ്ങുമ്പോഴൊക്കെ,ഉണ്ടാക്കിയെടുത്ത നിന്റെ ടെൻഷൻ പറഞ്ഞു പറഞ്ഞു ഉള്ള സമാധാനം മൊത്തം കളഞ്ഞു...അപ്പോഴൊക്കെ ഞാൻ എന്റെ എഴുതുകളിലൂടെ ഫേസ്ബുക്കിൽ സജീവമാവുകയാണ് ചെയ്തത് അല്ലാതെ നീ വിചാരിക്കുമ്പോലെ ഞാൻ ആരെയും തേടി പോയിട്ടില്ല മീര...എനിക്കതു പറ്റില്ല....പിന്നെ നീ എന്ന അമ്മുവിനോട് സംസാരിച്ചു തുടങ്ങിയപ്പോ ഞാൻ ഓർത്തു എനിക്ക് നിന്നിലൂടെ തന്നെ വീണ്ടും ജീവിതത്തിലെ സന്തോഷത്തെ തിരിച്ചു പിടിക്കണമെന്ന്...അത് ഞാൻ വിജയിച്ചു...അതിന്റെ അവസാനം ഈ ദിവസ്സം ആകണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു,,അതുകൊണ്ടാ നിനക്കിഷ്ടമുള്ള കരിമണിമാല വരെ ഞാൻ വാങ്ങിയത്....ഇനി നമ്മുക് ഈ അമ്മുവിനെ വേണ്ട എനിക്കെന്റെ മീരയെ മതി..എല്ലാം എന്റെ ഭാര്യക്ക് മനസിലായിട്ടുണ്ടെങ്കിൽ വേഗം അമ്മുവിനോട് ഗുഡ്ബൈ പറഞ്ഞിട്ട് വാ...മോളേം കൂട്ടി ഞാൻ വീടിന്റെ ഗേറ്റ് ഇൽ ഉണ്ടാവും..!!

നിന്റെ മാത്രം ഉണ്ണിയേട്ടൻ

ആ കത്തും പൊത്തിപിടിച്ചു മീര കരഞ്ഞു ചിതറിക്കിടക്കുന്ന കരിമണിമാലയുടെ താഴെക്കിരുന്നു പിന്നെ ഓരോന്നായി അതെല്ലാം പെറുക്കിയെടുത്തുകൊണ്ടു അവൾ ഓടി, നഷ്ടപ്പെട്ട് എന്ന് വിചാരിച്ച അവളുടെ ജീവിതം തിരിച്ചുപിടിക്കാൻ...!!
---------------------------------------------------------------------------
തീയറ്ററിലേക്കുള്ള ,ബൈക്കിൽ ഇരുന്നുള്ള ആ ഓട്ടത്തിൽ മീര ഉണ്ണിയോട് കുറച്ചൂടെ ചേർന്നിരുന്നിട്ടു ചോദിച്ചു അല്ല ഉണ്ണിയേട്ടാ എല്ലാം തുറന്നു പറയാൻ വന്ന നിങ്ങൾ എന്തിനാ പിന്നെ ഒരു നിമിഷം ഞെട്ടി ഒന്നും പറയാനാകാതെ നിന്നത്...???

അതോ...എന്നോട് ഇത്രയും ദേഷ്യം മനസ്സിൽ ഉണ്ടായിട്ടും നീ ധരിച്ചത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാരി ആണെന്ന് കണ്ടപ്പോ ഞാൻ തകർന്നു പോയെടീ...ഒരുനിമിഷത്തേക്കു തോറ്റുംപോയി..പിന്നെ എല്ലാം ആ കത്തിൽ ഉണ്ടല്ലോ..വായിക്കുമ്പോ മനസിലാകട്ടെന്നു വെച്ചു..!!

അയ്യടാ ആ കത്ത് ഞാൻ കണ്ടില്ലെങ്ങിലോ അല്ലെങ്കിൽ ആ സാരിയിൽ ഞാൻ അവിടെ കെട്ടി തൂങ്ങിരുന്നെങ്കിലോ....അവൾ പരിഭവത്തോടെ ചോദിച്ചു..!

അങ്ങനെ കെട്ടി തൂങ്ങിയാൽ ഞാൻ ആ അമ്മുനെ അങ്ങ് കെട്ടും എന്നിട്ട് ഞാനും അമ്മുവും മോളും കൂടെ സുഖമായിട് ജീവിക്കും..!!

അയാളുടെ തുടയിൽ അമര്തിപിച്ചികൊണ്ടു അവൾ പറഞ്ഞു..ദേ ഇനി അമ്മു കുമ്മു എന്നൊക്കെ പറഞ്ഞ കൊല്ലും ഞാൻ...!!

ആരാ അച്ഛാ ഈ അമ്മു അതൊന്നും അറിയാതെ ആ കുഞ്ഞു ചോദിച്ചു..??

അതോ അതൊരു ജിന്നാണ് മോളെ മോൾടെ അമ്മേടെ വകയിലെ ഒരു ജിന്ന് ..!!

അമ്മു എപ്പോഴാ വരിക....വീണ്ടും കുഞ്ഞു ചോദിച്ചു ?

മോൾടെ 'അമ്മ എന്നോട് വഴക്കിട്ടാൽ അപ്പൊ വരും...ഇനി വരുമ്പോ അച്ഛൻ കാണിച്ചു തരാംട്ടോ....''

അയാൾ പതിയെ ബൈകിന്റെ സ്പീഡ് കൂട്ടി...അടുത്ത വളവു തിരിഞ്ഞു പോകുമ്പോ അവർക്കു മുകളിൽ ഒരു മഴവില്ലു ആയിരം ശോഭയോടെ നില്കുന്നുണ്ടാർന്നു




Sunday 22 April 2018

വളർത്തു ദോഷം


രഘുവേട്ടാ ഇല 1000 എണ്ണം ഉണ്ട് അത് മതിയാവില്ലേ..??
ന്റെ മണീ കുറച്ചൂടെ കൂട്ടിവെച്ചോളു ഇനി തികഞ്ഞില്ലച്ഛാ അവസാനം കെടന്നു ഓടണ്ടല്ലോ...!!

ശെരി ചേട്ടാ...!!

രഘുമാമ ദേ വെറ്റിലയും അടക്കയും ഒക്കെ മണ്ഡപത്തിന്റെ ഈ സൈഡിൽ വെച്ചിട്ടുണ്ടട്ടോ...
ആഹ് ആയിക്കോട്ടെ അല്ല രവി ശാന്തി പുറപ്പെട്ടോ ..?
ഇറങ്ങിട്ടുണ്ടാവും ..ഞാൻ വിളിക്കണോ...??
വേണ്ട രവി ഞാൻ വിളിച്ചോളാം നീ ആ കസേരയൊക്കെ ഒന്ന് കൃത്യമായി ഇടീപ്പിക്കൂ ..
ന്റെ രഘു നിനക്കു അതൊക്കെ വേറെ ആളെ ഏപ്പിച്ചൂടെ , എല്ലാത്തിനും നിന്റെ കൈ തന്നെ വേണോ...??
ഇതാ ഇപ്പൊ നന്നായെ, ന്റെ ബാല മാമേ ന്റെ ഒരേയൊരു മോൾടെ കല്യാണത്തിന് എനിക്ക് ഓടണംന്നാ ആഗ്രഹം..ഈ ഒരു ദിവസത്തിൽ എത്ര ഓടിയാലും തളരില്ല ബലമാമെ..ഞങ്ങടെ സ്വപ്നം അല്ലെ ഇത്
അത് പറയുമ്പോ രഘു എന്ന ആ അച്ചന്റെ കണ്ഠം ഇടറിയിരുന്നു..ഈ ദിവസത്തിൽ ഈ ലോകം മൊത്തം ഓടിയാലും താൻ തളരില്ല കാരണം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം അല്ലെ ഇന്ന്..ഒരു വലിയ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്ന ദിവസം...!!
അതേയ് രഘുവേട്ടാ ആ പൂമാലയും നിറപറയുമൊക്കെ എവിടെയാ വെച്ചേക്കണേ ..??
പെട്ടെന്ന് ഒരു ചോദ്യം കേട്ട് അയാൾ തിരിഞ്ഞു നോക്കി സുലു തന്റെ ഭാര്യ...തന്റെ അമ്മൂട്ടിയുടെ 'അമ്മ...!!
‘’ ന്റെ സുലു അതാ ബെഡ്റൂമിന്റെ സൈഡിൽ അല്ലെ വെച്ചേ അവിടെ ഉണ്ടാകും..നീ ശെരിക്കും നോക്കു...
അവിടെ ഞാൻ നോക്കിയതാണല്ലോ..അല്ലെങ്കിലും ഇന്ന് ഒന്നും കണ്ണീൽ പിടിക്കില്യ...!!
പിറുപിറുത്തുകൊണ്ട് അകത്തേക്ക് ഓടിയ തന്റെ ഭാര്യെ നോക്കി ഒരു നിമിഷം അയാൾ നിന്നു.. '' പാവം മോൾടെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ തുടങ്ങിയ ടെൻഷൻ ആണ്..ബി പി ആണെന്കി കേറി കേറി തലയ്ക്കു മേലെ നിക്കുവാ ..അവളെ പറഞ്ഞിട്ടും കാര്യമില്ല ..ഒറ്റ മോളല്ലേ താഴെ ഒന്നും വെച്ചല്ലല്ലോ വളർത്തിയെ...ഈ ഒരു ദിവസത്തിനായി, അമ്മൂട്ടിയെ ഒരാളുടെ കൈയിൽ ഏൽപ്പിക്കുന്നതിനായി മാത്രമായിരുന്നു ഈ ജീവിതം എന്ന് പലപ്പോഴും തോന്നിപോയിട്ടുണ്ട്, അത്രക്കും ഇഷ്ടാ അമ്മൂട്ടിയെ..ഈ കല്യാണം കഴിഞ്ഞു അവൾ പോയാൽ ഈ വീട് ഉറങ്ങും..പാവം സുലു തീർത്തും ഒറ്റപ്പെടും..ന്നാലും കുഴപ്പമില്ല അമ്മൂട്ടിക്കു ഒരു ജീവിതം കിട്ടുമല്ലോ...!!
രഘൂ ...ഇയ്യ്‌ ന്താ ഈ ആലോചിക്കണേ ..??
ആ വിളികേട്ടു തിരിഞ്ഞു നോക്കി മൊയ്‌ദിക്ക ...!!
ഒന്നൂല്യ മൊയ്‌ദിക്ക ഓരോരോ കാര്യങ്ങൾ ഇങ്ങനെ ഓർത്തു നിന്നതാ
അല്ല അന്ന പറഞ്ഞിട്ട് കാര്യഇല്യ , ഇന്നത്തെ ദീസം അനക്ക് ചിന്ത ഒഴിഞ്ഞ നേരം ഇണ്ടാവില്ല രഘൂ
അല്ല മൊയ്‌ദിക്ക സുഹ്‌റ വിളിക്കാറുണ്ടോ
അതുകേട്ടതും ആ മുഖം മങ്ങി....
ഇല്ലെടോ രഘു...ഓള് ഓൾടെ ഇഷ്ടത്തിന് ഇറങ്ങിപോയതല്ലേ..ന്റെ സ്വപ്‌നങ്ങൾ ഒക്കെ തകർത്തിട്ടല്ലേടോ ഓള് പോയെ ...ഇപ്പൊ നാട്ടുകാർക്ക് മുന്നില് ഞമ്മള് കളിയാക്കിവിളിക്കും പോലെ ശശി അയ്യില്ല്യേ രഘു ..ഹാ അതൊക്കെ പോട്ടെ എന്റെ കാര്യങ്ങൾ നടക്കട്ടെടൊ ..ഇതൊക്കെ ഇങ്ങനെയൊക്കെ നടത്താനും വേണം ഒരു യോഗം..!!
അതുംപറഞ്ഞു മൊയ്‌ദീൻ നടന്നു അകലുമ്പോ രഘു ഓർത്തു..'' സ്വന്തം മോളെ ക്കുറിച്ചു ഒരുപാട് പ്രതീക്ഷ ഇണ്ടാർന്നു പാവത്തിന് പക്ഷെ കല്യാണം നിശ്ചയിച്ചതിന്റെ പിറ്റേ ദിവസം എല്ലാം ഉപേക്ഷിച്ചു അവൾ സ്നേഹിച്ച ആൾടെ ഒപ്പം പോയപ്പോ ഇത്രയും വളർത്തി വലുതാക്കിയ ആ പാവത്തിന് നാട്ടുകാർ കൊടുത്തൊരു സമ്മാനം '' വളർത്തു ദോഷം ''
പാവം മൊയ്‌ദീൻ ഈശ്വരാ ഞാൻ എത്ര ഭാഗ്യവാനാ ന്റെ അമ്മൂട്ടിയെ പോലെ ഒരു മോളെയല്ലേ എനിക്ക് കിട്ടിയേ ..!!
രഘുമാമ കിട്ടീട്ടൊ..കിട്ടി (പെങ്ങളുടെ മോനാ രവി )
ന്തുകിട്ടീന്നാ രവിയെ നീയി പറയണേ..??
അതുകൊള്ളാം അതും മറന്നോ..ശാന്തിയെ ഞാൻ വിളിച്ചു..കിട്ടി ഇപ്പൊ എത്തും
ഓഹ് ഞാൻ അതങ്ങു മറന്നു..!!
പിന്നേ ദേ അവരിങ്ങെത്തി മാമൻ അങ്ങട് ചെല്ലൂ
കർമ്മനിരതനായ ഒരച്ഛന്റെ മനസ്സോടെ രഘു ഓടി നടന്നു എല്ലാവരെയും സ്വീകരിച്ചെത്തി..അതിനിടയിൽ നാദസ്വരത്തിന്റെ അലയൊലികൾ പതിയെ മുഴങ്ങി തുടങ്ങിയിരുന്നു...ശാന്തിയുടെ മന്ത്രങ്ങൾ ഉയര്ന്നു കഴിഞ്ഞിരുന്നു...!!
അതേയ് ഇനി കുട്ടിയെ വിളിച്ചോളൂ’’
ശാന്തിയുടെ വാക്ക് കേട്ട ഉടനെ രഘു അകത്തേക്ക് നോക്കിയിട്ടു പറഞ്ഞു
ശാന്തിയുടെ വാക്ക് കേട്ട ഉടനെ രഘു അകത്തേക്ക് നോക്കിയിട്ടു പറഞ്ഞു
സുലു മോളെ വിളിച്ചോളൂട്ടോ
അതുകേട്ടതും ക്യാമറ കണ്ണുകൾ വധുവിന്റെ വരവ് ഒപ്പിയെടുക്കാനായി പല ദിശയിലും നിലയുറപ്പിച്ചു..നാദസ്വരത്തിന്റെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി....!!
'' രഘുവെയ് കുട്ടിയോട് വേഗം ഇറങ്ങാൻ പറയ്യാ..മുഹൂർത്തം ഇങ്ങടുത്തു '' ശാന്തിക്കാരൻ ഒന്നുകൂടി ഓർമിപ്പിച്ചു...
ഹായ് ഇതെന്താ വൈകുന്നേ..?? രഘു നീ ഒന്ന് ചെന്ന് നോക്കു ബാലമ്മാമ രഘുവിനോട് പറഞ്ഞു
അമ്മുന്റെ മുത്തശീടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് കരയേരിക്കും...അത്ര അടുപ്പായിരുന്നേ..ന്തായാലും ഞാൻ ഇപ്പൊ വിളിക്കാം...!!
അതും പറഞ്ഞു രഘു അകത്തേക്ക് കയറി...
മുത്തശീടെ ഫോട്ടോയ്ക്ക് മുന്നിൽ ആരെയും കാണാഞ്ഞ രഘു മോൾടെ മുറിക്കു പുറത്തെത്തി..വാതിലിൽ മുട്ടികൊണ്ടു വിളിച്ചു
'' അമ്മൂട്ടിയെ ഒന്ന് ഇറങ്ങുന്നുണ്ടോ നീ...സമയായി മോളു..സുലു..സുലു..അവളെ ഒന്ന് ഇറക്ക് സുലു..മുഹൂർത്തത്തിന് സമയമായി...!!
അപ്പോഴും മുറിക്കുളിൽ നിന്നും ശബ്ദം ഒന്നും ഇല്ല....അവിടെ കൂടി നിന്നവർ ഒക്കെ രഘുവിനെ നോക്കി നിന്നു...!!
കെട്ടു കഴിഞ്ഞു പോവല്ലേ അവള്..കെട്ടിപിടിച്ചു കരയേയിരിക്കും രണ്ടാളും ..ഈ സുലുന്റെ ഒരു കാര്യം..സുലു വാതിൽ തുറക്കുന്നേ...!!
അതുംപറഞ്ഞു അയാൾ ആ വാതിലിന്റെ പിടിയിൽ തിരിച്ചു
വാതിൽ പൂട്ടിയിരുന്നില്ല...അവിടെ സുലു മുഖം തലയിണയിൽ അമർത്തി കിടക്കുന്ന്നു...
അത് കണ്ട പരിഭ്രാന്തനായി ഓടി ചെന്ന് വിളിച്ചു '' സുലു സുലു എന്താ പട്ടിയെ ബി പി വീണ്ടും കൂടിയോ..അല്ല അമ്മൂട്ടീ എന്ത്യേ സുലു
ഉത്തരമില്ല....!!
രഘു സുലുവിന്റെ തല പിടിച്ചുയർത്തി...ആ മുഖം ചുവന്നിരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു...!!
ന്താ..ന്താ സുലുവെയ് പറ്റിയെ
രഘുവേട്ടാ നമ്മടെ അമ്മൂട്ടീ...
എവിടെ നമ്മുടെ മോളെന്ത്യേ അവിടെ മുഹൂർത്തമായി സുലു...
രഘുവേട്ടാ അമ്മൂട്ടീ...അമ്മൂട്ടീ നമ്മളെ ചതിച്ചു രഘുവേട്ടാ''
ചതിക്കയേ...എന്തൊക്ക്യാ സുലു നീ ഈ പറയണേ ..??
അതിനു മറുപടിയായി സുലു ഒരു പേപ്പർ കഷ്ണം അയാൾക്കു നേരെ നീട്ടി
വിറയ്ക്കുന്ന കൈകളോടെ അയാൾ അത് വിടർത്തി
അച്ഛാ,അമ്മെ,
ഇതുവരെ ഞാൻ ഒരു കാര്യത്തിലും അച്ഛനേം അമ്മയേം ധിക്കരിച്ചിട്ടില്ല, ഒരു കാര്യത്തിനും ഞാൻ ഞാൻ വാശി പിടിച്ചിട്ടും ഇല്ല്യ..പക്ഷെ..ഇന്നാദ്യമായി ഞാൻ നിങ്ങളെ ധിക്കരിക്കുകയാണ്..എനിക്ക് ഒരാളെ ഇഷ്ടമാണ്..അച്ഛൻ അറിയും അച്ഛന്റെ കമ്പനിയിൽ ജോലി ചെന്ന ജെറി..എനിക്കിത് അച്ഛനോട് പറയാനുള്ള ധൈര്യം ഉണ്ടായില്ല...പക്ഷെ മനസ്സ് ഒരാൾക്ക് കൊടുത്തിട്ടു മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഈ അമ്മൂട്ടിക്കാവില്യ അച്ഛാ, അതോണ്ട് ഞാൻ സണ്ണിയുടെ ഒപ്പം പോകുവാ..അനുഗ്രഹിക്കണം എന്ന് പറയാനുള്ള യോഗ്യത എനിക്കില്ല്യ പക്ഷെ ശപിക്കരുത് അച്ഛാ...അമ്മയെ അച്ഛൻ പറഞ്ഞു സമാധാനിപ്പിക്കണം..ഒന്നും ഞാൻ എടുത്തിട്ടില്ല..ഒരിക്കലും ഇങ്ങനെ ആകരുതേ എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ പറ്റിപ്പോയാച്ചാ...എന്നെങ്കിലും ന്നോട് ക്ഷമിക്കണേ... !!
ന്നു സ്വന്തം
അമ്മൂട്ടീ
അത് വായിച്ചു കഴിഞ്ഞതും രഘുവിന് ലോകം മൊത്തം കറങ്ങുന്ന പോലെ തോന്നി..അയാൾക്കു ഒരിക്കലും അത് വിശ്വസിക്കാൻ ആയില്ല..തന്റെ അമ്മൂട്ടീ ജെറിയുടെ കൂടെ...ഇല്ല്യ അവൾ അങ്ങനെ ചെയ്യില്ല
ന്റെ സുലു ഇത് അവളുടെ കളിയാടി മണ്ടുസെ , നീ ഓർക്കണില്ലേ അവൾ പറ്റിക്കുമ്പോഴൊക്കെ നമ്മൾ എല്ലാം കൈയോടെ പിടികൂടിയിരുന്നു അന്ന് അവൾ പറഞ്ഞില്ലേ ഒരീസം നിങ്ങളെ ഞാൻ ശെരിക്കും പറ്റിക്കുമെന്നു..അവള് പണി പറ്റിച്ചു..!! മോളെ അമ്മൂട്ടീ ,അച്ഛനും അമ്മയും തോറ്റുട്ടോ..വാ കളി മതിയാക്കി വന്നേ മുഹൂർത്തത്തിന് സമയമായി...!!
അതും പറഞ്ഞു അയാൾ ആ കട്ടിലിനടിയിലേക്കും അലമാരയുടെ സൈഡിലും ബാത്റൂമിലെ വാതിൽ തുറന്നും മോളെ നോക്കി...!!
രഘുമാമാ.....
ആ വിളി കെട്ടു വാതില്കലേക്കു നോക്കി
രവിയാണ്...!!
രവി ഡാ നമ്മുടെ അമ്മൂട്ടീ കളിപ്പിക്കുകയാണ് അതും ഈ സമയം ഇല്ലാത്ത സമയത്..നീ ഒന്ന് വിളിച്ചേ അവളെ..ഞങ്ങൾ തോറ്റുന്നു പറ
രഘുമാമാ..അമ്മു പോയി രഘുമാമാ....ഒരു കാറിൽ കേറി പോണത് കണ്ടവരുണ്ട്....!!
അത് കേട്ടതും അയാൾ എല്ലാം തകർന്ന അച്ഛനായി ആ കട്ടിലിലേക്ക് ഇരുന്നു ആ തോളിലേക്ക് വീണു സുലു അലതല്ലി കരഞ്ഞു...അയാളുടെ മനസ്സിൽ എങ്ങും ഇരുട്ടായി...ഇത്രയും നാൾകൊണ്ട് ഉണ്ടാക്കിയ പേര്..പ്രശസ്തി...എല്ലാത്തിനും ഉപരി തന്റെ പ്രാണനേക്കാൾ സ്നേഹിച്ച തന്റെ മകൾ...!!
രഘുമാമാ...പറയണ്ടേ ഇതൊന്നു അവരോടു...ഞാൻ പറയട്ടെ..
രവി വിക്കി വിക്കി ചോദിച്ചു..അത് കേട്ട രഘു തലയുയർത്തി കണ്ണ് അമർത്തി തിരുമ്മി എഴുനേറ്റു എന്നിട്ടു പറഞ്ഞു...
'' ന്റെ മോളു ഒളിച്ചോടിപ്പോയീന്നു ഞാൻ തന്നെ പറയാം അതും ഒരച്ഛന്റെ കടമയല്ലേ..സുലു നമ്മൾ ക്ഷണിച്ച എല്ലാരും പുറത്തുണ്ട്..ആ ചെക്കന്റേം വീട്ടുകാരുടേം മുഖത്തു നോക്കി ഞാൻ ഇത് എങ്ങനെ...പക്ഷെ പറയണം രഘു മര്യാദ പാലിക്കാതിരുന്നിട്ടില്ല ഇതുവരെ...!!
ഡാ രവി നീ ഇവളെ നോക്കു,,ഞാൻ അവരോടൊക്കെ പറഞ്ഞിട്ട് വരം..!!
ജീവിതത്തിൽ തോൽവി അറിയാതെ മുന്നേറിയ രഘു അന്ന് ആദ്യമായി ഒരു അച്ഛന്റെ റോളിൽ തോറ്റു..ലോകം മൊത്തം തന്നെ സഹതാപത്തോടെയും പുച്ഛത്തോടെയും നോക്കുന്നത് അയാൾ കണ്ടു..തല കറങ്ങുന്നുണ്ടായിരുന്നെങ്കിലും വീഴാതെ ചുമരിൽ പിടിച്ചു അയാൾ ആ മണ്ഡപത്തിൽ എത്തി..!!
അപ്പോഴേക്കും ആ വാർത്ത അവിടെ പരന്നിരുന്നു...!!
'' കല്യാണ പെണ്ണ് ഒളിച്ചോടി...കുന്നത്തുവീട്ടിൽ രഘുമേനോന്റെ മോളു കല്യാണത്തിന്റെ അന്ന് ഒളിച്ചോടി...!!
എന്തായിരുന്നു ബഹളം..101 പവൻ..കാർ...സ്വന്തം മോൾടെ മനസ്സറിയാൻ പറ്റിയില്ല..കഷ്ടം നാട്ടുകാർ പരസ്പരം പേരാണ് തുടങ്ങി...മന്ത്രങ്ങൾ നിർത്തി ശാന്തിയും, നാദസ്വരം നിർത്തി മേളക്കാരും എഴുനേറ്റു എല്ലാ കണ്ണുകളും രഘുവിലേക്കു...!!'
അയാൾ ചുറ്റും നോക്കി ആ നാട് മൊത്തം അവിടെ ഉണ്ട്...ഇടറുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു
എല്ലാരോടും കൂടിയ പറയണേ..ന്റെ മോളു ഒരു അബദ്ധം കാണിച്ചു..അവള് പോയി അവൾക്കു ഇഷ്ടം ഉള്ള ഒരാളുടെ ഒപ്പം...അവളെ മനസിലാക്കാൻ നിക്ക് കഴിഞ്ഞില്ല്യ എല്ലാരും എന്നോട് ക്ഷമിക്കണം...!!
എന്തൊരു നാണക്കേടാടോ ഇത്, തന്റെ തറവാട്ട് മഹിമയൊക്കെ പറയുന്ന കേട്ടപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ..ഇത് ഇവിടം കൊണ്ട് തീർന്നു എന്ന് വിചാരിക്കണ്ട ..രഘു മേനോനെ ഇതിനു താൻ മറുപടി പറയേണ്ടിവരും....!
ചെറുക്കന്റെ അമ്മാവൻ രഘുവിന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി ആക്രോശിച്ചു...!! ശബ്ദങ്ങൾ കൂടി വന്നു..ആരൊക്കെയോ വന്ന് രഘുവിന്റെ ജുബ്ബയിൽ പിടിച്ചു ആരൊക്കെയോ പിടിച്ചു മാറ്റി...അയാളുടെ ജീവിതത്തിൽ അന്നാദ്യമായി ആ പിടിവലിയിൽ രഘുവിന്റെ ജുബ്ബ കീറി... !!
അച്ഛൻ ആയിട്ടല്ലല്ലോ ഒരു ഫ്രണ്ട് ആയിട്ടല്ല മോളെ വളർത്തിയെ..എന്നിട്ടിപ്പോ കിട്ടിയില്ലേ..?? മക്കളെ കുറച്ചൊക്കെ പീഡിപ്പിച്ചു വളർത്തണം..അല്ലെങ്കി ഇങ്ങനെ ഇരിക്കും...'' കുത്തുവാക്കുകൾ കൂടിവന്നു..!!
'' ഇനി എന്തിനാ നോക്കി നിക്കണേ വര്യാ പോവാം ബാക്കി കോടതിയിൽ കാണാം'' ...ചെറുക്കന്റെ വീട്ടിൽനിന്നും വന്ന ആ വലിയ കാരണവർ മട്ടുള്ളവരോടായി പറഞ്ഞു
ജീവിതത്തിൽ എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്ന അയാൾ അന്ന് ആദ്യമായി ഒരു ഉത്തരവും നല്കാനാകാതെ അതെല്ലാം കെട്ടു...എല്ലാരോടും കൈകൾ കൂപ്പി കൊണ്ട് അയാൾ പറഞ്ഞു
'' ആരും പോകരുത് സദ്യ ഒരുക്കിയിട്ടുണ്ട്, 4 കൂട്ടം പായസവും 20 കൂട്ടം കറികളും ഉണ്ട് കഴിച്ചിട്ട് പോണേ...ഇതെന്റെ അപേക്ഷയാണ്
ആർക്കു വേണം തന്റെ സദ്യ..അടുത്ത ജന്മത്തിൽ എങ്കിലും മക്കളെ നേരം വണ്ണം വളർത്താൻ നോക്കു വാ പോകാം ..ചെറുക്കനും കൂട്ടരും ദേഷ്യത്തോടെ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി
അപ്പോഴും അയാൾ പുലമ്പിക്കൊണ്ടേയിരുന്നു ..'' 4 കൂട്ടം പായസവും 20 കൂട്ടം കറികളും ഉണ്ട് കഴിച്ചിട്ട് പോണേ...''
വാൽകഷ്ണം - തന്റെ മക്കൾക്ക് വേണ്ടി രായ്ക് രാമാനം പണി എടുത്തു ചോര നീരാക്കി വളർത്തി വലുതാക്കിയ രക്ഷകർത്താക്കളുടെ മുഖം ഓർത്തിട്ടാണെങ്കിൽ കൂടി, മക്കൾ ഇങ്ങനെ പോകുമ്പോ അവരോടു ഒന്ന് പറഞ്ഞിട്ട് പോണം അത് മക്കൾക്ക് മാതാപിതാക്കളോടുള്ള മിനിമം മര്യാദ ആണ്....!!

Saturday 24 February 2018

പറയാൻ മറന്നു വെച്ച വാക്കുകൾ <3 <3

ഇന്ന് എനിക്കതു പറയണം, പറഞ്ഞെ ഒക്കു, എത്ര നാളായി അതിങ്ങനെ മനസ്സിൽ ഇട്ടോണ്ട്... :(

അങ്ങനെ രണ്ടും കൽപ്പിച്ചു ഒഴിഞ്ഞ ഇടനാഴിയിൽ അവൻ അവളെ കാത്തുനിന്നു, അവൾക്കായി അവൻ ഗൂഗിളിൽ നിന്നും കടമെടുത്ത വാചകങ്ങൾ കൊണ്ട് ഒരു കപ്പലുണ്ടാക്കിയിരുന്നു..ആ കപ്പലിൽ നിറയെ പ്രേമം ആയിരുന്നു...പൂക്കൾ കൊണ്ട്, നിറങ്ങൾ കൊണ്ട്, സ്വപ്‌നങ്ങൾ കൊണ്ട് എഴുതിയ പ്രണയം...!!
ആ കപ്പലിന്റെ നങ്കൂരം ആ വളവിൽ ഉറപ്പിച്ചിങ്ങനെ നില്കുമ്പോ ദാ വരുന്നു അവൾ...പച്ച ചുരിദാറിൽ വെളുത്ത ഷാൾ...മുൻപിൽ ഒരു മഞ്ഞുമല കണ്ടപോലെ പെട്ടെന്ന് അവന്റെ ഇടനെഞ്ചിൽ ഒരു മിന്നൽ.. "' ഇഷ്ടല്ലന്നെങ്ങാൻ പറഞ്ഞാൽ....???? ലോക്സഭയിലേക്കാൾ ചോദ്യങ്ങൾ ഖല്ബിന് ചുറ്റും പ്രദക്ഷിണം തുടങ്ങി...!!

അവൾ തോട്ടടത്തു എത്തി...രണ്ടും കല്പിച്ചു അവൻ പറഞ്ഞു Excuseme ഒരു മിനിറ്റ് ? യെസ് എന്ന് പറഞ്ഞു ഒരു നൂറു ചോദ്യചിഹ്നങ്ങൾ തിരിച്ചു കിട്ടിയപ്പോ, കരിമഷി എഴുതിയ ആ കറുത്ത കണ്ണുകൾ തന്നിലേക്ക് നീണ്ടപ്പോ അവൻ അറിയാതെ ഇറങ്ങിയിരുന്നു ആ കപ്പലിൽ നിന്നും...!!
എന്ത്യേ...?? എന്ന അവളുടെ പുരികൻ പൊക്കിയുള്ള ചോദ്യത്തിന് മറുപടിയായി രണ്ടു പുരികവും പൊക്കാൻ ഒരു ശ്രമം നടത്തി ഇല്ല പൊങ്ങുന്നില്ല , പിന്നെ ചോർന്നു പോയ സകല ധൈര്യവും തിരിച്ചെടുത്തു ഒരൊറ്റ ചോദ്യം '' ബസ് പോയോ '' ? ( '' ഒരു ബസ് പോലും ഓടാത്ത റൂട്ടാണ് അത് എന്നവൻ മറന്നുപോയിരുന്നു )... മറുപടിയായുള്ള തലയാട്ടികൊണ്ടു അവൾ നടന്നു പോകുന്നതും നോക്കി അവൻ അവിടെ മണിക്കൂറുകളോളം നിന്നു.... :(

പെട്ടെന്ന് ഒരു ശബ്ദം '' അച്ഛാ വാ പോകാം നേരം കുറേയായല്ലോ ''' ഓ സമയം കുറയായല്ലേ എന്ന് സ്വയം ഓർത്തുകൊണ്ട് അവൻ തിരിഞ്ഞു നടക്കുമ്പോ അവന്റെ മനസ്സിലത്രയും വര്ഷങ്ങള്ക്കു മുൻപുള്ള ആ ദിവസം ആയിരുന്നു... '' പറയാൻ മറന്നു വെച്ച ആ വാക്കുകൾ '''...!!

എന്നാലും അച്ഛാ എന്തൊക്കെയായിരുന്നു അന്ന് അച്ഛൻ പറയാതെ വിഴുങ്ങിയത് മകളുടെ ആ ചോദ്യത്തിന് മറുപടിയായി അയാൾ നേരെ നോക്കി '' ആ വളവു തിരിഞ്ഞു ആ പച്ച ചുരിദാറിൽ വെളുത്ത ഷാൾ ഉം ആയി അവൾ..ഇത്തവണ ഹൃദയമിടിപ്പോന്നും കൂടിയില്ല...അവളുടെ തലയിൽ ചെറിയ നര വന്നിട്ടുണ്ട്...പക്ഷെ ആ കണ്ണുകൾക്കു ഇപ്പോഴും ഒരേ തീവ്രത...നടന്നു അയാൾക്കഭിമുഖമായി നിന്നിട്ടു അവൾ പറഞ്ഞു '' Excuseme...?? ഇത്തവണ ചോദ്യചിഹ്നം കൊണ്ട് മൂടിയത് അയാൾ ആയിരുന്നു....'' വര്ഷം പത്തിരുപത് ആയില്ലേ, എല്ലാ വർഷവും ഈ പ്രണയ ദിവസത്തിൽ എന്നേം കൂട്ടി ഈ വളവിൽ വന്നു നില്കാറില്ലെ..??? ഇതേപോലെ ഞാൻ നടന്നു വരാറില്ലേ...എന്നിട്ടും ഇതുവരെ പറന്നിട്ടില്ലല്ലോ....ഇന്നെങ്കിലും പറ അന്ന് എന്നോട് പറയാൻ ആ കപ്പലിൽ ഒരുക്കി വെച്ചിരുന്ന വാക്കുകൾ...???

ആ ചോദ്യം കേട്ടപ്പോൾ അയാൾ ഒരു കൈകൊണ്ടു അവളെ ചേർത്തുപിടിച്ചു എന്നിട്ടു പറഞ്ഞു '' ചിലതു പറയാതിരിക്കുന്നതാണ് നല്ലത് എന്നാലല്ലേ അത് കേൾക്കാൻ കാത്തിരിക്കാൻ കഴിയൂ '' :) ...അമ്മെ അപ്പൊ ഈ വർഷവും ഇല്ല കേട്ടോ....!! അത് പറഞ്ഞ മകളെയും ആ ഉത്തരം കേൾക്കാൻ കാത്തിരുന്ന തന്റെ ഭാര്യയെയും ചേർത്തുപിടിച്ചു അയാൾ നടക്കുമ്പോ കേട്ടു ഒരു ബസിന്റെ ഹോൺ ശബ്ദം....ദേ നിങ്ങൾ അന്ന് അറിയാതെ ആണെങ്കിലും ചോദിച്ചില്ലേ ബസ് പോയൊന്നു..??? ദാ പോണു..അവൾ അത് പറയുമ്പോ അയാൾ ഓർത്തു നെഞ്ചിൽ പേരെഴുതി വെച്ച് കാത്തിരുന്നാൽ എന്തും നമ്മിലേക്ക്‌ വരും അതിപ്പോ ബസ് റൂട്ട് പോലും ഇല്ലാത്ത സ്ഥലത്തുകൂടി ബസ് ആണെങ്കിൽ പോലും... <3 <3



സുരാജ് സുധൻ