Sunday 22 April 2018

വളർത്തു ദോഷം


രഘുവേട്ടാ ഇല 1000 എണ്ണം ഉണ്ട് അത് മതിയാവില്ലേ..??
ന്റെ മണീ കുറച്ചൂടെ കൂട്ടിവെച്ചോളു ഇനി തികഞ്ഞില്ലച്ഛാ അവസാനം കെടന്നു ഓടണ്ടല്ലോ...!!

ശെരി ചേട്ടാ...!!

രഘുമാമ ദേ വെറ്റിലയും അടക്കയും ഒക്കെ മണ്ഡപത്തിന്റെ ഈ സൈഡിൽ വെച്ചിട്ടുണ്ടട്ടോ...
ആഹ് ആയിക്കോട്ടെ അല്ല രവി ശാന്തി പുറപ്പെട്ടോ ..?
ഇറങ്ങിട്ടുണ്ടാവും ..ഞാൻ വിളിക്കണോ...??
വേണ്ട രവി ഞാൻ വിളിച്ചോളാം നീ ആ കസേരയൊക്കെ ഒന്ന് കൃത്യമായി ഇടീപ്പിക്കൂ ..
ന്റെ രഘു നിനക്കു അതൊക്കെ വേറെ ആളെ ഏപ്പിച്ചൂടെ , എല്ലാത്തിനും നിന്റെ കൈ തന്നെ വേണോ...??
ഇതാ ഇപ്പൊ നന്നായെ, ന്റെ ബാല മാമേ ന്റെ ഒരേയൊരു മോൾടെ കല്യാണത്തിന് എനിക്ക് ഓടണംന്നാ ആഗ്രഹം..ഈ ഒരു ദിവസത്തിൽ എത്ര ഓടിയാലും തളരില്ല ബലമാമെ..ഞങ്ങടെ സ്വപ്നം അല്ലെ ഇത്
അത് പറയുമ്പോ രഘു എന്ന ആ അച്ചന്റെ കണ്ഠം ഇടറിയിരുന്നു..ഈ ദിവസത്തിൽ ഈ ലോകം മൊത്തം ഓടിയാലും താൻ തളരില്ല കാരണം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം അല്ലെ ഇന്ന്..ഒരു വലിയ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്ന ദിവസം...!!
അതേയ് രഘുവേട്ടാ ആ പൂമാലയും നിറപറയുമൊക്കെ എവിടെയാ വെച്ചേക്കണേ ..??
പെട്ടെന്ന് ഒരു ചോദ്യം കേട്ട് അയാൾ തിരിഞ്ഞു നോക്കി സുലു തന്റെ ഭാര്യ...തന്റെ അമ്മൂട്ടിയുടെ 'അമ്മ...!!
‘’ ന്റെ സുലു അതാ ബെഡ്റൂമിന്റെ സൈഡിൽ അല്ലെ വെച്ചേ അവിടെ ഉണ്ടാകും..നീ ശെരിക്കും നോക്കു...
അവിടെ ഞാൻ നോക്കിയതാണല്ലോ..അല്ലെങ്കിലും ഇന്ന് ഒന്നും കണ്ണീൽ പിടിക്കില്യ...!!
പിറുപിറുത്തുകൊണ്ട് അകത്തേക്ക് ഓടിയ തന്റെ ഭാര്യെ നോക്കി ഒരു നിമിഷം അയാൾ നിന്നു.. '' പാവം മോൾടെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ തുടങ്ങിയ ടെൻഷൻ ആണ്..ബി പി ആണെന്കി കേറി കേറി തലയ്ക്കു മേലെ നിക്കുവാ ..അവളെ പറഞ്ഞിട്ടും കാര്യമില്ല ..ഒറ്റ മോളല്ലേ താഴെ ഒന്നും വെച്ചല്ലല്ലോ വളർത്തിയെ...ഈ ഒരു ദിവസത്തിനായി, അമ്മൂട്ടിയെ ഒരാളുടെ കൈയിൽ ഏൽപ്പിക്കുന്നതിനായി മാത്രമായിരുന്നു ഈ ജീവിതം എന്ന് പലപ്പോഴും തോന്നിപോയിട്ടുണ്ട്, അത്രക്കും ഇഷ്ടാ അമ്മൂട്ടിയെ..ഈ കല്യാണം കഴിഞ്ഞു അവൾ പോയാൽ ഈ വീട് ഉറങ്ങും..പാവം സുലു തീർത്തും ഒറ്റപ്പെടും..ന്നാലും കുഴപ്പമില്ല അമ്മൂട്ടിക്കു ഒരു ജീവിതം കിട്ടുമല്ലോ...!!
രഘൂ ...ഇയ്യ്‌ ന്താ ഈ ആലോചിക്കണേ ..??
ആ വിളികേട്ടു തിരിഞ്ഞു നോക്കി മൊയ്‌ദിക്ക ...!!
ഒന്നൂല്യ മൊയ്‌ദിക്ക ഓരോരോ കാര്യങ്ങൾ ഇങ്ങനെ ഓർത്തു നിന്നതാ
അല്ല അന്ന പറഞ്ഞിട്ട് കാര്യഇല്യ , ഇന്നത്തെ ദീസം അനക്ക് ചിന്ത ഒഴിഞ്ഞ നേരം ഇണ്ടാവില്ല രഘൂ
അല്ല മൊയ്‌ദിക്ക സുഹ്‌റ വിളിക്കാറുണ്ടോ
അതുകേട്ടതും ആ മുഖം മങ്ങി....
ഇല്ലെടോ രഘു...ഓള് ഓൾടെ ഇഷ്ടത്തിന് ഇറങ്ങിപോയതല്ലേ..ന്റെ സ്വപ്‌നങ്ങൾ ഒക്കെ തകർത്തിട്ടല്ലേടോ ഓള് പോയെ ...ഇപ്പൊ നാട്ടുകാർക്ക് മുന്നില് ഞമ്മള് കളിയാക്കിവിളിക്കും പോലെ ശശി അയ്യില്ല്യേ രഘു ..ഹാ അതൊക്കെ പോട്ടെ എന്റെ കാര്യങ്ങൾ നടക്കട്ടെടൊ ..ഇതൊക്കെ ഇങ്ങനെയൊക്കെ നടത്താനും വേണം ഒരു യോഗം..!!
അതുംപറഞ്ഞു മൊയ്‌ദീൻ നടന്നു അകലുമ്പോ രഘു ഓർത്തു..'' സ്വന്തം മോളെ ക്കുറിച്ചു ഒരുപാട് പ്രതീക്ഷ ഇണ്ടാർന്നു പാവത്തിന് പക്ഷെ കല്യാണം നിശ്ചയിച്ചതിന്റെ പിറ്റേ ദിവസം എല്ലാം ഉപേക്ഷിച്ചു അവൾ സ്നേഹിച്ച ആൾടെ ഒപ്പം പോയപ്പോ ഇത്രയും വളർത്തി വലുതാക്കിയ ആ പാവത്തിന് നാട്ടുകാർ കൊടുത്തൊരു സമ്മാനം '' വളർത്തു ദോഷം ''
പാവം മൊയ്‌ദീൻ ഈശ്വരാ ഞാൻ എത്ര ഭാഗ്യവാനാ ന്റെ അമ്മൂട്ടിയെ പോലെ ഒരു മോളെയല്ലേ എനിക്ക് കിട്ടിയേ ..!!
രഘുമാമ കിട്ടീട്ടൊ..കിട്ടി (പെങ്ങളുടെ മോനാ രവി )
ന്തുകിട്ടീന്നാ രവിയെ നീയി പറയണേ..??
അതുകൊള്ളാം അതും മറന്നോ..ശാന്തിയെ ഞാൻ വിളിച്ചു..കിട്ടി ഇപ്പൊ എത്തും
ഓഹ് ഞാൻ അതങ്ങു മറന്നു..!!
പിന്നേ ദേ അവരിങ്ങെത്തി മാമൻ അങ്ങട് ചെല്ലൂ
കർമ്മനിരതനായ ഒരച്ഛന്റെ മനസ്സോടെ രഘു ഓടി നടന്നു എല്ലാവരെയും സ്വീകരിച്ചെത്തി..അതിനിടയിൽ നാദസ്വരത്തിന്റെ അലയൊലികൾ പതിയെ മുഴങ്ങി തുടങ്ങിയിരുന്നു...ശാന്തിയുടെ മന്ത്രങ്ങൾ ഉയര്ന്നു കഴിഞ്ഞിരുന്നു...!!
അതേയ് ഇനി കുട്ടിയെ വിളിച്ചോളൂ’’
ശാന്തിയുടെ വാക്ക് കേട്ട ഉടനെ രഘു അകത്തേക്ക് നോക്കിയിട്ടു പറഞ്ഞു
ശാന്തിയുടെ വാക്ക് കേട്ട ഉടനെ രഘു അകത്തേക്ക് നോക്കിയിട്ടു പറഞ്ഞു
സുലു മോളെ വിളിച്ചോളൂട്ടോ
അതുകേട്ടതും ക്യാമറ കണ്ണുകൾ വധുവിന്റെ വരവ് ഒപ്പിയെടുക്കാനായി പല ദിശയിലും നിലയുറപ്പിച്ചു..നാദസ്വരത്തിന്റെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിലായി....!!
'' രഘുവെയ് കുട്ടിയോട് വേഗം ഇറങ്ങാൻ പറയ്യാ..മുഹൂർത്തം ഇങ്ങടുത്തു '' ശാന്തിക്കാരൻ ഒന്നുകൂടി ഓർമിപ്പിച്ചു...
ഹായ് ഇതെന്താ വൈകുന്നേ..?? രഘു നീ ഒന്ന് ചെന്ന് നോക്കു ബാലമ്മാമ രഘുവിനോട് പറഞ്ഞു
അമ്മുന്റെ മുത്തശീടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് കരയേരിക്കും...അത്ര അടുപ്പായിരുന്നേ..ന്തായാലും ഞാൻ ഇപ്പൊ വിളിക്കാം...!!
അതും പറഞ്ഞു രഘു അകത്തേക്ക് കയറി...
മുത്തശീടെ ഫോട്ടോയ്ക്ക് മുന്നിൽ ആരെയും കാണാഞ്ഞ രഘു മോൾടെ മുറിക്കു പുറത്തെത്തി..വാതിലിൽ മുട്ടികൊണ്ടു വിളിച്ചു
'' അമ്മൂട്ടിയെ ഒന്ന് ഇറങ്ങുന്നുണ്ടോ നീ...സമയായി മോളു..സുലു..സുലു..അവളെ ഒന്ന് ഇറക്ക് സുലു..മുഹൂർത്തത്തിന് സമയമായി...!!
അപ്പോഴും മുറിക്കുളിൽ നിന്നും ശബ്ദം ഒന്നും ഇല്ല....അവിടെ കൂടി നിന്നവർ ഒക്കെ രഘുവിനെ നോക്കി നിന്നു...!!
കെട്ടു കഴിഞ്ഞു പോവല്ലേ അവള്..കെട്ടിപിടിച്ചു കരയേയിരിക്കും രണ്ടാളും ..ഈ സുലുന്റെ ഒരു കാര്യം..സുലു വാതിൽ തുറക്കുന്നേ...!!
അതുംപറഞ്ഞു അയാൾ ആ വാതിലിന്റെ പിടിയിൽ തിരിച്ചു
വാതിൽ പൂട്ടിയിരുന്നില്ല...അവിടെ സുലു മുഖം തലയിണയിൽ അമർത്തി കിടക്കുന്ന്നു...
അത് കണ്ട പരിഭ്രാന്തനായി ഓടി ചെന്ന് വിളിച്ചു '' സുലു സുലു എന്താ പട്ടിയെ ബി പി വീണ്ടും കൂടിയോ..അല്ല അമ്മൂട്ടീ എന്ത്യേ സുലു
ഉത്തരമില്ല....!!
രഘു സുലുവിന്റെ തല പിടിച്ചുയർത്തി...ആ മുഖം ചുവന്നിരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു...!!
ന്താ..ന്താ സുലുവെയ് പറ്റിയെ
രഘുവേട്ടാ നമ്മടെ അമ്മൂട്ടീ...
എവിടെ നമ്മുടെ മോളെന്ത്യേ അവിടെ മുഹൂർത്തമായി സുലു...
രഘുവേട്ടാ അമ്മൂട്ടീ...അമ്മൂട്ടീ നമ്മളെ ചതിച്ചു രഘുവേട്ടാ''
ചതിക്കയേ...എന്തൊക്ക്യാ സുലു നീ ഈ പറയണേ ..??
അതിനു മറുപടിയായി സുലു ഒരു പേപ്പർ കഷ്ണം അയാൾക്കു നേരെ നീട്ടി
വിറയ്ക്കുന്ന കൈകളോടെ അയാൾ അത് വിടർത്തി
അച്ഛാ,അമ്മെ,
ഇതുവരെ ഞാൻ ഒരു കാര്യത്തിലും അച്ഛനേം അമ്മയേം ധിക്കരിച്ചിട്ടില്ല, ഒരു കാര്യത്തിനും ഞാൻ ഞാൻ വാശി പിടിച്ചിട്ടും ഇല്ല്യ..പക്ഷെ..ഇന്നാദ്യമായി ഞാൻ നിങ്ങളെ ധിക്കരിക്കുകയാണ്..എനിക്ക് ഒരാളെ ഇഷ്ടമാണ്..അച്ഛൻ അറിയും അച്ഛന്റെ കമ്പനിയിൽ ജോലി ചെന്ന ജെറി..എനിക്കിത് അച്ഛനോട് പറയാനുള്ള ധൈര്യം ഉണ്ടായില്ല...പക്ഷെ മനസ്സ് ഒരാൾക്ക് കൊടുത്തിട്ടു മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഈ അമ്മൂട്ടിക്കാവില്യ അച്ഛാ, അതോണ്ട് ഞാൻ സണ്ണിയുടെ ഒപ്പം പോകുവാ..അനുഗ്രഹിക്കണം എന്ന് പറയാനുള്ള യോഗ്യത എനിക്കില്ല്യ പക്ഷെ ശപിക്കരുത് അച്ഛാ...അമ്മയെ അച്ഛൻ പറഞ്ഞു സമാധാനിപ്പിക്കണം..ഒന്നും ഞാൻ എടുത്തിട്ടില്ല..ഒരിക്കലും ഇങ്ങനെ ആകരുതേ എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ പറ്റിപ്പോയാച്ചാ...എന്നെങ്കിലും ന്നോട് ക്ഷമിക്കണേ... !!
ന്നു സ്വന്തം
അമ്മൂട്ടീ
അത് വായിച്ചു കഴിഞ്ഞതും രഘുവിന് ലോകം മൊത്തം കറങ്ങുന്ന പോലെ തോന്നി..അയാൾക്കു ഒരിക്കലും അത് വിശ്വസിക്കാൻ ആയില്ല..തന്റെ അമ്മൂട്ടീ ജെറിയുടെ കൂടെ...ഇല്ല്യ അവൾ അങ്ങനെ ചെയ്യില്ല
ന്റെ സുലു ഇത് അവളുടെ കളിയാടി മണ്ടുസെ , നീ ഓർക്കണില്ലേ അവൾ പറ്റിക്കുമ്പോഴൊക്കെ നമ്മൾ എല്ലാം കൈയോടെ പിടികൂടിയിരുന്നു അന്ന് അവൾ പറഞ്ഞില്ലേ ഒരീസം നിങ്ങളെ ഞാൻ ശെരിക്കും പറ്റിക്കുമെന്നു..അവള് പണി പറ്റിച്ചു..!! മോളെ അമ്മൂട്ടീ ,അച്ഛനും അമ്മയും തോറ്റുട്ടോ..വാ കളി മതിയാക്കി വന്നേ മുഹൂർത്തത്തിന് സമയമായി...!!
അതും പറഞ്ഞു അയാൾ ആ കട്ടിലിനടിയിലേക്കും അലമാരയുടെ സൈഡിലും ബാത്റൂമിലെ വാതിൽ തുറന്നും മോളെ നോക്കി...!!
രഘുമാമാ.....
ആ വിളി കെട്ടു വാതില്കലേക്കു നോക്കി
രവിയാണ്...!!
രവി ഡാ നമ്മുടെ അമ്മൂട്ടീ കളിപ്പിക്കുകയാണ് അതും ഈ സമയം ഇല്ലാത്ത സമയത്..നീ ഒന്ന് വിളിച്ചേ അവളെ..ഞങ്ങൾ തോറ്റുന്നു പറ
രഘുമാമാ..അമ്മു പോയി രഘുമാമാ....ഒരു കാറിൽ കേറി പോണത് കണ്ടവരുണ്ട്....!!
അത് കേട്ടതും അയാൾ എല്ലാം തകർന്ന അച്ഛനായി ആ കട്ടിലിലേക്ക് ഇരുന്നു ആ തോളിലേക്ക് വീണു സുലു അലതല്ലി കരഞ്ഞു...അയാളുടെ മനസ്സിൽ എങ്ങും ഇരുട്ടായി...ഇത്രയും നാൾകൊണ്ട് ഉണ്ടാക്കിയ പേര്..പ്രശസ്തി...എല്ലാത്തിനും ഉപരി തന്റെ പ്രാണനേക്കാൾ സ്നേഹിച്ച തന്റെ മകൾ...!!
രഘുമാമാ...പറയണ്ടേ ഇതൊന്നു അവരോടു...ഞാൻ പറയട്ടെ..
രവി വിക്കി വിക്കി ചോദിച്ചു..അത് കേട്ട രഘു തലയുയർത്തി കണ്ണ് അമർത്തി തിരുമ്മി എഴുനേറ്റു എന്നിട്ടു പറഞ്ഞു...
'' ന്റെ മോളു ഒളിച്ചോടിപ്പോയീന്നു ഞാൻ തന്നെ പറയാം അതും ഒരച്ഛന്റെ കടമയല്ലേ..സുലു നമ്മൾ ക്ഷണിച്ച എല്ലാരും പുറത്തുണ്ട്..ആ ചെക്കന്റേം വീട്ടുകാരുടേം മുഖത്തു നോക്കി ഞാൻ ഇത് എങ്ങനെ...പക്ഷെ പറയണം രഘു മര്യാദ പാലിക്കാതിരുന്നിട്ടില്ല ഇതുവരെ...!!
ഡാ രവി നീ ഇവളെ നോക്കു,,ഞാൻ അവരോടൊക്കെ പറഞ്ഞിട്ട് വരം..!!
ജീവിതത്തിൽ തോൽവി അറിയാതെ മുന്നേറിയ രഘു അന്ന് ആദ്യമായി ഒരു അച്ഛന്റെ റോളിൽ തോറ്റു..ലോകം മൊത്തം തന്നെ സഹതാപത്തോടെയും പുച്ഛത്തോടെയും നോക്കുന്നത് അയാൾ കണ്ടു..തല കറങ്ങുന്നുണ്ടായിരുന്നെങ്കിലും വീഴാതെ ചുമരിൽ പിടിച്ചു അയാൾ ആ മണ്ഡപത്തിൽ എത്തി..!!
അപ്പോഴേക്കും ആ വാർത്ത അവിടെ പരന്നിരുന്നു...!!
'' കല്യാണ പെണ്ണ് ഒളിച്ചോടി...കുന്നത്തുവീട്ടിൽ രഘുമേനോന്റെ മോളു കല്യാണത്തിന്റെ അന്ന് ഒളിച്ചോടി...!!
എന്തായിരുന്നു ബഹളം..101 പവൻ..കാർ...സ്വന്തം മോൾടെ മനസ്സറിയാൻ പറ്റിയില്ല..കഷ്ടം നാട്ടുകാർ പരസ്പരം പേരാണ് തുടങ്ങി...മന്ത്രങ്ങൾ നിർത്തി ശാന്തിയും, നാദസ്വരം നിർത്തി മേളക്കാരും എഴുനേറ്റു എല്ലാ കണ്ണുകളും രഘുവിലേക്കു...!!'
അയാൾ ചുറ്റും നോക്കി ആ നാട് മൊത്തം അവിടെ ഉണ്ട്...ഇടറുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു
എല്ലാരോടും കൂടിയ പറയണേ..ന്റെ മോളു ഒരു അബദ്ധം കാണിച്ചു..അവള് പോയി അവൾക്കു ഇഷ്ടം ഉള്ള ഒരാളുടെ ഒപ്പം...അവളെ മനസിലാക്കാൻ നിക്ക് കഴിഞ്ഞില്ല്യ എല്ലാരും എന്നോട് ക്ഷമിക്കണം...!!
എന്തൊരു നാണക്കേടാടോ ഇത്, തന്റെ തറവാട്ട് മഹിമയൊക്കെ പറയുന്ന കേട്ടപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ..ഇത് ഇവിടം കൊണ്ട് തീർന്നു എന്ന് വിചാരിക്കണ്ട ..രഘു മേനോനെ ഇതിനു താൻ മറുപടി പറയേണ്ടിവരും....!
ചെറുക്കന്റെ അമ്മാവൻ രഘുവിന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി ആക്രോശിച്ചു...!! ശബ്ദങ്ങൾ കൂടി വന്നു..ആരൊക്കെയോ വന്ന് രഘുവിന്റെ ജുബ്ബയിൽ പിടിച്ചു ആരൊക്കെയോ പിടിച്ചു മാറ്റി...അയാളുടെ ജീവിതത്തിൽ അന്നാദ്യമായി ആ പിടിവലിയിൽ രഘുവിന്റെ ജുബ്ബ കീറി... !!
അച്ഛൻ ആയിട്ടല്ലല്ലോ ഒരു ഫ്രണ്ട് ആയിട്ടല്ല മോളെ വളർത്തിയെ..എന്നിട്ടിപ്പോ കിട്ടിയില്ലേ..?? മക്കളെ കുറച്ചൊക്കെ പീഡിപ്പിച്ചു വളർത്തണം..അല്ലെങ്കി ഇങ്ങനെ ഇരിക്കും...'' കുത്തുവാക്കുകൾ കൂടിവന്നു..!!
'' ഇനി എന്തിനാ നോക്കി നിക്കണേ വര്യാ പോവാം ബാക്കി കോടതിയിൽ കാണാം'' ...ചെറുക്കന്റെ വീട്ടിൽനിന്നും വന്ന ആ വലിയ കാരണവർ മട്ടുള്ളവരോടായി പറഞ്ഞു
ജീവിതത്തിൽ എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്ന അയാൾ അന്ന് ആദ്യമായി ഒരു ഉത്തരവും നല്കാനാകാതെ അതെല്ലാം കെട്ടു...എല്ലാരോടും കൈകൾ കൂപ്പി കൊണ്ട് അയാൾ പറഞ്ഞു
'' ആരും പോകരുത് സദ്യ ഒരുക്കിയിട്ടുണ്ട്, 4 കൂട്ടം പായസവും 20 കൂട്ടം കറികളും ഉണ്ട് കഴിച്ചിട്ട് പോണേ...ഇതെന്റെ അപേക്ഷയാണ്
ആർക്കു വേണം തന്റെ സദ്യ..അടുത്ത ജന്മത്തിൽ എങ്കിലും മക്കളെ നേരം വണ്ണം വളർത്താൻ നോക്കു വാ പോകാം ..ചെറുക്കനും കൂട്ടരും ദേഷ്യത്തോടെ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി
അപ്പോഴും അയാൾ പുലമ്പിക്കൊണ്ടേയിരുന്നു ..'' 4 കൂട്ടം പായസവും 20 കൂട്ടം കറികളും ഉണ്ട് കഴിച്ചിട്ട് പോണേ...''
വാൽകഷ്ണം - തന്റെ മക്കൾക്ക് വേണ്ടി രായ്ക് രാമാനം പണി എടുത്തു ചോര നീരാക്കി വളർത്തി വലുതാക്കിയ രക്ഷകർത്താക്കളുടെ മുഖം ഓർത്തിട്ടാണെങ്കിൽ കൂടി, മക്കൾ ഇങ്ങനെ പോകുമ്പോ അവരോടു ഒന്ന് പറഞ്ഞിട്ട് പോണം അത് മക്കൾക്ക് മാതാപിതാക്കളോടുള്ള മിനിമം മര്യാദ ആണ്....!!