Thursday 7 November 2013

സ്പൈക്ക്



സ്പൈക്ക്..

അവന്‍ നേരെയും ചരിച്ചും മാറി മാറി ആ ഫോട്ടോയിലേക്ക്‌ നോക്കി ഇവന് എന്താ ഇത്ര പ്രത്യേകത..എന്നേക്കാള്‍ കളര്‍ കുറവാണു..മുഖത്താണെങ്കില്‍ NH റോഡുകളില്‍ കാണുന്ന കുഴികളും കലകളും ഉണ്ട്..എന്തിനു കൃതാപ് പോലും ഇല്ല..ആകെ മൊത്തം ഒരു അണ്ണാന്‍ മാന്തിയമോന്ത...പക്ഷെ അവന്‍ ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്താല്‍ ലൈക്കുകളുടെയും കമന്റ്‌കളുടെയും ഘോഷയാത്രയാണ്….ഇവിടെ നമ്മള്‍ ഒരു ഫോട്ടോ അതും ഫോട്ടോഷോപ്പില്‍ ഇട്ടു വെളുപ്പിച്ചു കുട്ടപ്പനായിട്ട് ഇട്ടാലും കിട്ടുന്നത് കൂടി വന്നാല്‍ 50..അതിലാണേല്‍ 5 എണ്ണം വേറെ പേരുകളില്‍ സ്വയം തുടങ്ങിയ അക്കൗണ്ട്‌കളില്‍ നിന്നും പിന്നെയുള്ളത് കപ്പബിരിയാണി മേടിച്ചുതരാം എന്ന് പറഞ്ഞു കൊച്ചച്ചന്റെ മകന്റെ കൈയ്യില്‍നിന്നും നിര്‍ബന്ധിച്ചു മേടിക്കുന്നതും. അങ്ങനെ എല്ലാം കൂടിയാണ് നേരത്തെ പറഞ്ഞ 50 ലൈക്‌...അല്ല ശെരിക്കും എന്നേക്കാള്‍ എന്ത് പ്രത്യേകതയാണ് ഇവന് ഉള്ളത്. ശെരിക്കും നോക്കട്ടെ...അവന്‍ ആ ഫോട്ടോ കുറച്ചുകൂടി വലുതാക്കി നോക്കാന്‍ തുടങ്ങി...!!
യെസ്...യുറേക്കാ..കണ്ടുപിടിച്ചു ഇവന് ശ്രദ്ധ കിട്ടുന്ന ആ സംഭവം അവസാനം ഞാന്‍ കണ്ടുപിടിച്ചു...അതാണ് അവന്റെ മുടി “സ്പൈക്ക്..സ്പൈക്ക്..സ്പൈക്ക്..” കക്ക വാരി കൊട്ടയില്‍ ഇടുന്നത് പോലെ തലയുടെ രണ്ടു സൈഡില്‍ നിന്നും മുടി മുകളിലേക്ക് പൊക്കി വെക്കുന്ന രീതി..ഓഹ്ഹോ അപ്പൊ ഇതാണ് സംഭവം.... സംഭവം കൊള്ളാം പക്ഷെ ഇത് ഇങ്ങനെ എത്ര നേരം പൊങ്ങി നിക്കും അതിനു ജെല്‍ പുരട്ടണ്ടേ..? വെളിച്ചെണ്ണ തേച്ചുപിടിച്ചാലും ഈ മുടി ഇങ്ങനെ കുന്തം പോലെ നിക്കോ..?? പക്ഷെ ഒരു ഗുണമുണ്ട്..ചീപ് മേടികണ്ടല്ലോ..!! ഇപ്പോഴത്തെ ട്രെന്‍ഡ് ഇതാണ് എന്നും പണി കുറവാണെന്നും മുടിവേട്ടുക്കാരന്‍ ശിവന്‍ ചേട്ടന്‍ വരെ പറഞ്ഞത് പെട്ടെന്ന് ഓര്‍ത്തു അത് മാത്രമല്ല ഇപ്പോഴത്തെ ന്യൂ ജെനറേഷന് പെണ്‍കുട്ടികള്‍ക്ക് സ്പൈക്ക് ആണത്രേ ഇഷ്ടം...എന്തായാലും ഒരു കൈ നോക്കിയാലോ..???? അതെ നാട് ഓടുമ്പോ ഒന്ന് താനും നടുവേ ഓടി നോക്കട്ടെ....!!

അങ്ങനെ അവന്‍ ചുരുണ്ട ഭംഗിയുള്ള അവന്റെ മുടി നാടിനു വേണ്ടിയും ലൈക്‌നു വേണ്ടിയും പിന്നെ ന്യൂ ജെനറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും പൊക്കിവെച്ചു..ഒരു ഉത്സവത്തിന്‌ കോടി കയറിയ പോലെ ജെല്ലിന്റെ അകമ്പടിയോടെ എന്തിനോ വേണ്ടി തിളക്കാന്‍ ശ്രമിക്കുന്ന സാമ്പാര്‍പോലെ അവന്റെ മുടി അങ്ങനെ സ്പൈക് ആയി...പക്ഷെ അപ്പോഴും ആ ചന്ദനകുറി നെറ്റിയില്‍ മായാതെകിടന്നിരുന്നു..നേരെ വീട്ടിലേക്കു വെച്ച്പിടികുമ്പോഴും അവന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി ആയിരുന്നു വീട്ടുകാരേ എങ്ങനെ പറഞ്ഞു മനസിലാക്കും.....ലൈക്‌ ആയിരിക്കുമോ അല്ലെങ്കില്‍ കമന്റ്‌ ആയിരികുമോ..അതുമല്ലെങ്കില്‍ നല്ല പോക്ക് ആയിരിക്കുമോ കിട്ടുന്നത്....!!
അങ്ങനെ സ്പൈക്കും വെച്ചോണ്ട് നടക്കുന്ന വഴി വീട്ടിലേക്കുള്ളവഴിയില്‍ കച്ചവടം നടത്തുന്ന കമലചേച്ചിയുടെ മുഖത്ത് പതിവ് കാണാറുള്ള ആ ചിരി കാണുന്നില്ല പകരം സോളാര്‍ കേസിലെ ബിജുവിനെ നോക്കുന്ന പോലെ ഒരു നോട്ടം..ഹേ,,അതെന്താപ്പോ അങ്ങനെ..?? തന്റെ സ്പൈക്ക് കണ്ടിട്ടാണോ..? ഹേയ് അങ്ങനെ ആകില്ല...നടന്നുനടന്നു തങ്കച്ചന്റെ കട എത്തിയപ്പോള്‍ കേട്ടു ഒരു കമന്റ്‌ “ എങ്ങനെ നടന്ന പയ്യനാ കോലം കണ്ടില്ലേ..?? മനുഷ്യന്റെ കാര്യം ഇത്രോക്കേ ഉള്ളു...”..  ഇതൊക്കെ കേട്ട് തളരരുത് ധൈര്യം ആയി മുന്നോട്ടു പോകുക അവന്‍ മനസിനെ പറഞ്ഞു പടിപിച്ചപ്പോഴേക്കും വീടെത്തിയിരുന്നു...!!

ചെരുപ്പ് ഊരി പടിയില്‍ ഇടുമ്പോള്‍ പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്‍ തല ഉയര്‍ത്തിനോക്കി പെട്ടെന്ന് ആ മുഖം വല്ലാണ്ടായി.. നിയമസഭയില്‍ നിന്ന് MLA മാര്‍ ഇറങ്ങിപോകുന്നപോലെ എഴുന്നേറ്റു ഒരൊറ്റ പോക്ക്....അകത്തേക്ക് കയറി കസേരയില്‍ ഇരുന്നതും അമ്മ വന്നു തലയിലേക്ക് നോക്കി ഒരു ഡയലോഗ് “ നിനക്കിതു എന്തിന്റെ കേടാ ? നല്ല മാണിക്കാത്ത മോന്ത ആയിരുന്നു..എന്തിനാടാ നീ ഇങ്ങനെ ചെയ്തത്..പോയി മര്യാദക്ക് മുടി വെട്ടിയെട്ടു വാ എന്നിട്ട് ചായയും ചോറും ഒക്കെ...!! ഏ ഇശ്വരാ സ്പൈക്ക് പണി ആയോ എന്ന് കണ്ണാടിയില്‍ നോക്കി ആലോചിക്കുമ്പോഴേക്കും മുത്തശ്ശി ഓടി വന്നു അടുത്തിരുന്നു ഒരൊറ്റ കരച്ചില്‍ “ അയ്യോ എന്റെ കൊച്ചിന് ഇതു എന്തുപറ്റി..എന്റെ മോന് ആരോ കൈവെഷം കൊടുത്തതാ..അല്ലാതിങ്ങനെ വരില്ല..നാളെ തന്നെ ഒരു ചരട് ജപിച്ചു കെട്ടണം കേട്ടോടി “ എന്നും പറഞ്ഞു അവന്റെ തലയില്‍ കൈഓടിക്കാന്‍ തുടങ്ങി..മുത്തശ്ശി എന്താ ഇങ്ങനെ പറയുന്നത്..? എന്നല്ല അവന്‍ അപ്പൊ ചിന്തിച്ചത്..കഷ്ടപ്പെട്ട് കാശുകൊടുത്തു കെട്ടിപൊക്കിയ സ്പൈക്കിലാണ് മുത്തശ്ശിയുടെ സ്നേഹപൂര്‍ണ്ണമായ തലോടല്‍..ഈ അവസ്ഥക്കാണോ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന് പറയുന്നെ...പതിയെ മണിക്കൂറുകള്‍ കൊണ്ട് പോക്കിവെച്ച സ്പൈക്ക് മൂന്നാറിലെ ഇടിച്ചുനിരത്തിയ ഭൂമിപോലെ ആയി...അന്നേരം അവനോര്‍ത്തു സ്പൈക്കും ലൈക്‌കളും കമന്റ്‌കളും ആണോ വലുത് അതോ നാട്ടുകാരുടെയും വീട്ടുകാരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റം ആണോ വലുത്...വേണ്ട ഞാന്‍ ഒരു സാധാരണക്കാരനാണെ..എനിക്ക് സ്പൈക്ക് വേണ്ട എന്റെ നാടും വീടും അവരുടെ സ്നേഹവുമാണ് വലുത്..നാട് ഓടട്ടെ സൈഡില്‍ കൂടെ ഓടാനും ആരെങ്കിലുമൊക്കെ വേണ്ടേ..?? എന്ന് ആലോചിക്കുമ്പോഴും മുത്തശ്ശിയുടെ മുടിയിഴകളിലൂടെയുള്ള സ്നേഹത്തോടെയുള്ള ആ തലോടല്‍ ആസ്വദിക്കുകയായിരുന്നു അവന്‍....!!


വാല്‍കഷണം- പരീക്ഷണങ്ങള്‍ ആകാം പക്ഷെ സ്വന്തം ജീവിതം വെച്ച്കൊണ്ട് ആകരുത് കാരണം നമ്മുടെ ജീവന് നമ്മുക്ക് വിലയില്ലെങ്കിലും ചിലര്‍ക്ക് അവരുടെ ജീവനേക്കാള്‍ വലുത് ആയിരിക്കും നമ്മുടെ ജീവന്‍...!!

No comments:

Post a Comment